പെട്രോള്‍ വില താഴേക്ക്? അസംസ്‌കൃത എണ്ണ വില അടുത്ത വര്‍ഷം 30 ശതമാനം കുറയുമെന്ന് പ്രവചനം

അടുത്ത വര്‍ഷത്തോടെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 അമേരിക്കന്‍ ഡോളറിലേക്ക് താഴുമെന്ന് ആഗോള ബാങ്കിംഗ് ഭീമന്മാരായ സിറ്റി ഗ്രൂപ്പിന്റെ പ്രവചനം. നിലവില്‍ വിപണിയില്‍ മികച്ച രീതിയിലുള്ള ആവശ്യകതയും ഉയര്‍ന്ന വിലയും നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം അവസാനത്തോടെ വില 70 അമേരിക്കന്‍ ഡോളറിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ ഇന്നത്തെ (ജൂണ്‍ 24) വില 84.92 ഡോളറാണ്. ഡബ്ള്യുടിഐ ഇനം 80.43 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 84.61 ഡോളറിലുമാണ്.
ഇത് മുപ്പത് ശതമാനത്തോളം ഇടിയും.
രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ സ്റ്റോക്ക് അമിതമായി എത്തുന്നതോടെയാണ് വില ഗണ്യമായി താഴുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം സെപ്തംബര്‍ വരെ ദിവസവും 22 ലക്ഷം ബാരല്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചെങ്കിലും വിപണിയില്‍ സ്റ്റോക്ക് കുമിഞ്ഞുകൂടും. കുറച്ച് കാലം കൂടി ക്രൂഡ് ഓയില്‍ വില എണ്‍പതുകളില്‍ തുടരുമെങ്കിലും ഈ വര്‍ഷാവസാനം അത് എഴുപതിലേക്കെത്തും. 2025 പകുതിയെത്തുമ്പോള്‍ വില അറുപതുകളിലേക്കെത്തുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത മന്ദഗതിയിലാകും വളരുക. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത ഉന്നതിയിലെത്തുമെന്നും സിറ്റി ഗ്ലോബല്‍ എനര്‍ജി സ്ട്രാറ്റജിസ്റ്റ് എറിക് ലീ പറയുന്നു.
ഇന്ത്യയ്ക്ക് നേട്ടം
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറയുന്നത് ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായ ഇന്ത്യയ്ക്കായിരിക്കും വലിയ നേട്ടമുണ്ടാക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ധനവില കുറയുന്നത് ഗതാഗതം, ഉത്പാദനം എന്നിവയുടെ ചെലവ് കുറയ്ക്കുന്നതോടൊപ്പം വിലക്കയറ്റത്തെയും പിടിച്ചുനിറുത്തും. ഇത് ആളുകളുടെ വാങ്ങാനുള്ള ശേഷി വര്‍ധിപ്പിക്കുകയും വിപണിയില്‍ പുത്തനുണര്‍വുണ്ടാക്കുകയും ചെയ്യും. വിവിധ മേഖലകളിലെ കമ്പനികളുടെ വരുമാനവും ആളുകളുടെ ഉപഭോഗവും വര്‍ധിക്കുന്നത് ഓഹരി വിപണിയിലും അനുകൂലമായ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓയില്‍, ഗ്യാസ് മേഖലകളിലെ കമ്പനികളുടെ ഓഹരി വിപണിയിലെ പ്രകടനത്തെ ഇത് ബാധിക്കാനും ഇടയുണ്ട്.
Related Articles
Next Story
Videos
Share it