ഹോർട്ടികള്‍ച്ചര്‍ മേഖലക്ക് 1,765 കോടി അനുവദിച്ചു; നഴ്സറികൾക്ക് തണലാകും
രാജ്യത്തെ ഹോർട്ടികള്‍ച്ചര്‍ മേഖലക്ക് കരുത്തു പകരാന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 1,765 കോടി രൂപ കേന്ദ്ര കൃഷി വകുപ്പിന് അനുവദിച്ചത് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകും. പഴങ്ങളുടെ കൃഷിക്കും കയറ്റുമതിക്കുമാണ് ഫണ്ട് കൂടുതലായി ചിലവിടുക. പഴച്ചെടികളുടെ നഴ്സറി മുതല്‍ ഗുണനിലവാരമുള്ള പഴങ്ങള്‍ ഉല്‍പാദിപ്പിച്ച് കയറ്റുമതി നടത്തുന്ന തോട്ടങ്ങള്‍ വരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര കൃഷി വകുപ്പ് നടപ്പാക്കുന്ന ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം എന്ന പദ്ധതി മുഖേനയാണ് പണം ചിലവിടുക.
സംസ്ഥാനങ്ങളില്‍ ക്ലീന്‍ പ്ലാന്റ് സെന്ററുകള്‍
വിവിധ സംസ്ഥാനങ്ങളിലായി ലോകോത്തര നിലവാരമുള്ള ഒമ്പത് ക്ലീന്‍ പ്ലാന്റ് സെന്ററുകള്‍ സ്ഥാപിക്കും. ടിഷ്യുകള്‍ച്ചര്‍ ലാബുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. ഹോർട്ടികള്‍ച്ചര്‍ മേഖലയില്‍ ഗുണനിലവാരമുള്ള വിത്തുകളുടെയും ചെടികളുടെയും ഉല്‍പ്പാദനം, വിളകളിലെ വൈറസ് വ്യാപനം തടയല്‍, ഗുണനിലവാരവും ഉല്‍പ്പാദനവും വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് ഈ സെന്ററുകള്‍ ശ്രദ്ധിക്കുക. ഗുണനിലവാരം പാലിക്കുന്ന നഴ്സറികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനും പദ്ധതിയില്‍ തുക വകയിരുത്തും. കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വിത്തുകളും തൈകകളും നല്‍കും. ഹോർട്ടികള്‍ച്ചര്‍ രംഗത്ത് വനിതാ സംരംഭകരുടെ വളര്‍ച്ചയും പദ്ധതിയുടെ ലക്ഷ്യമാണ്.
'ഒരു ജില്ല, ഒരു ഉല്‍പ്പന്നം' പദ്ധതിക്ക് ഗുണം
കേന്ദ്രസര്‍ക്കാരിന്റെ 'ഒരു ജില്ല, ഒരു ഉല്‍പ്പന്നം' പദ്ധതിക്ക് ഈ ഫണ്ട് സഹായമാകുമെന്നാണ് കണക്കാക്കുന്നത്. ഇത് കേരളത്തിനും ഗുണം ചെയ്യും. കോഴിക്കോട് മേഖലയിലെ ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങളില്‍ ഒന്ന് പഴങ്ങളും പച്ചക്കറികളുമാണ്. പാലക്കാട് ജില്ലയിലെ മുതലമട ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വിവിധ ഇനം മാമ്പഴങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. ഇവിടുത്തെ കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള തൈകൾ ലഭിക്കുന്നതിനും നിലവിലുള്ള തോട്ടങ്ങളിലെ ഉല്‍പ്പാദനവും ഗുണനിലവാരവും വര്‍ധിപ്പിക്കാനും ഈ പദ്ധതി സഹായകമാകും. വിദേശ രാജ്യങ്ങളിലേക്കുള്ള മാമ്പഴ കയറ്റുമതിയെയും ഇത് സഹായിക്കും.