

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളുടെ അനുമതിക്കായി ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനേക്കാൾ മുമ്പേ ക്യൂവിലുണ്ടെന്ന് വ്യക്തമാക്കി ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ. മൂന്ന് വർഷമായി ഗ്രൗണ്ട് നെറ്റ്വർക്കുകൾ സജ്ജമാക്കി വെച്ചിരിക്കുകയാണെന്നും, അന്തിമ സുരക്ഷാ അനുമതികൾ ലഭിച്ചാലുടൻ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നും ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ അദ്ദേഹം പറഞ്ഞു.
"അനുമതികൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ലൈസൻസ് ലഭിക്കാനുള്ള ക്യൂവിൽ മസ്കിനേക്കാൾ ഏറെ മുന്നിലാണ് ഞാൻ എന്ന് കരുതുന്നു. അഞ്ച് വർഷം മുമ്പാണ് അനുമതിക്കായി അപേക്ഷിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങളുടെ ഗ്രൗണ്ട് നെറ്റ്വർക്ക് പൂർണ്ണ സജ്ജമാണ്. സാറ്റലൈറ്റുകൾ അഞ്ച് വർഷമായി ഇന്ത്യക്ക് മുകളിലുണ്ട്. അതുകൊണ്ട് മസ്കിന് ലഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പെങ്കിലും അനുമതി ലഭിച്ചാൽ ഞങ്ങൾ ഏറെ സന്തോഷിക്കും," മിത്തൽ കൂട്ടിച്ചേർത്തു.
പരമ്പരാഗത മൊബൈൽ നെറ്റ്വർക്കുകൾക്ക് എത്താത്ത നാടുകളിലും അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കാൻ സാറ്റലൈറ്റ് സേവനങ്ങൾ അത്യന്താപേക്ഷിതമാണ്. സുരക്ഷാ പരിശോധനകൾ പൂർത്തിയായാൽ രാജ്യത്തിന്റെ ഏത് കോണിലും ഇന്റർനെറ്റ് എത്തിക്കാൻ ഭാരതിയുടെ പിന്തുണയുള്ള യൂട്ടൽസാറ്റ് വൺവെബിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്കയിലും കമ്പനി ഇത്തരം സേവനങ്ങൾ നൽകാൻ കരാറുകളിലേർപ്പെട്ടിട്ടുണ്ട്.
ടെലികോം മേഖലയ്ക്ക് പുറമെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്തും വലിയ നിക്ഷേപങ്ങൾക്കാണ് ഭാരതി എയർടെൽ തയ്യാറെടുക്കുന്നത്. ഡാറ്റാ സെന്റർ ശേഷി 300 മെഗാവാട്ടിൽ നിന്ന് 1 ജിഗാവാട്ടിലേക്ക് ഉയർത്തുകയാണ് കമ്പനി. മുംബൈ, ഡൽഹി, ദക്ഷിണേന്ത്യൻ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്.
ഡാറ്റാ സുരക്ഷയും ഡിജിറ്റൽ പരമാധികാരവും മുൻനിർത്തി ഇന്ത്യൻ സംരംഭങ്ങൾക്കും പ്രതിരോധ സേനകൾക്കും സർക്കാർ ഏജൻസികൾക്കും ഉപയോഗിക്കാവുന്ന ഒരു 'സോവറിൻ ക്ലൗഡ്' (Sovereign Cloud) നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പേഴ്സണൽ ലോണുകൾ നൽകിക്കൊണ്ട് ഫിനാൻഷ്യൽ സർവീസ് രംഗത്തും പുതിയ മുന്നേറ്റത്തിന് എയർടെൽ തുടക്കമിടുന്നുണ്ട്. ആഫ്രിക്കയിലെ 14 രാജ്യങ്ങളിൽ നിലവിൽ എയർടെൽ മണി വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ മലയോര മേഖലകളിലും തീരദേശങ്ങളിലും തടസ്സമില്ലാത്ത ഹൈ-സ്പീഡ് കണക്റ്റിവിറ്റി ലഭ്യമാകും. ഡിജിറ്റൽ വർക്ക് സ്പേസുകളെ ആശ്രയിക്കുന്ന കേരളത്തിലെ ഫ്രീലാൻസർമാർക്കും വനമേഖലയോട് ചേർന്നുനിൽക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും വലിയ തോതിൽ ഉണർവേകുന്നതാകും ഈ സാങ്കേതികവിദ്യ.
Sunil Bharti Mittal states Bharti Airtel is ahead of Elon Musk’s Starlink in applying for satellite approvals in India and aims to launch services first.
Read DhanamOnline in English
Subscribe to Dhanam Magazine