കാലാവസ്ഥാ രാഷ്ട്രീയം: കൂടുതല്‍ സംസാരം, കുറച്ച് പ്രവൃത്തി

കാലാവസ്ഥാ രാഷ്ട്രീയമാണ് വാര്‍ത്തകളില്‍ ഇപ്പോഴത്തെ തലക്കെട്ട്. ദുബായില്‍ അടുത്തിടെ സമാപിച്ച യു.എന്‍ കാലാവസ്ഥാ സമ്മേളനമായ COP 28ല്‍ നേതാക്കളുടെ കളികളും കാപട്യങ്ങളും നേരിട്ടറിയാന്‍ കാലാവസ്ഥാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഫോസില്‍ ഇന്ധനത്തില്‍ (ഓയ്ല്‍, ഗ്യാസ്, കല്‍ക്കരി) നിന്ന് മാറുന്നതിന് തുടക്കം കുറിക്കാന്‍ ഇതാദ്യമായി ഇരുനൂറോളം രാജ്യങ്ങള്‍ സമ്മതിക്കുന്നതിനും ഉച്ചകോടി വേദിയായി.

ചോദ്യം ചെയ്യപ്പെടുന്നു
അതേസമയം, ഉച്ചകോടിയില്‍ പ്രതിജ്ഞയെടുത്ത രാഷ്ട്രങ്ങളുടെ വാക്കുകളെയും ലക്ഷ്യങ്ങളെയും പ്രതിബദ്ധതയെയുമെല്ലാം വിമര്‍ശകര്‍ ചോദ്യം ചെയ്യുകയാണ്. നേതാക്കളുടെ വാക്കുകളിലും പ്രവൃത്തികളിലും നിരവധി വൈരുധ്യങ്ങളാണ്
നി
രീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
പെട്രോ സ്റ്റേറ്റായ യു.എ.ഇയായിരുന്നു ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. ഫോസില്‍ ഇന്ധനത്തിന്റെ ഏറ്റവും വലിയ ഉല്‍പ്പാദക രാഷ്ട്രങ്ങളിലൊന്നാണ് യു.എ.ഇ. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നിന്റെ തലവനായിരുന്നു നേതൃസ്ഥാനത്ത്.
ഫോസില്‍ ഇന്ധനത്തില്‍ നിന്ന് മാറുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരിക്കുമ്പോള്‍ തന്നെ യു.എ.ഇ ഓയ്ല്‍, ഗ്യാസ് ഉല്‍പ്പാദനം വിപുലീകരിക്കാനുള്ള സാധ്യതകള്‍ തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ തോതില്‍ എണ്ണ, ഗ്യാസ്, കല്‍ക്കരി എന്നിവ ഉപയോഗിച്ച് തങ്ങളുടെ വ്യാവസായിക അടിത്തറ കെട്ടിപ്പടുത്ത യു.എസിനെ പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ ഉല്‍പ്പാദനം നിര്‍ത്തണമെന്ന് പറയുന്നു. പല വികസ്വര രാജ്യങ്ങളുടെയും നിലനില്‍പ്പിനെ തന്നെ ഇത് ബാധിക്കും.
കാര്‍ബണ്‍ പുറന്തള്ളലില്‍ ചരിത്രപരമായി കുറ്റവാളികളാണെന്ന് കരുതുന്ന രാജ്യങ്ങള്‍ തങ്ങളുടെ വിഹിതം ക്രമേണ കുറച്ചുകൊണ്ടു വന്നപ്പോള്‍, ഇന്ത്യയുടെയും ചൈനയുടെയും വിഹിതം ഉയരുകയാണ്. തങ്ങളുടെ ഊര്‍ജാവശ്യങ്ങളുടെ 75 ശതമാനത്തിനും കല്‍ക്കരിയെ ആശ്രയിക്കുകയാണ് ഇന്ത്യ. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ മൊത്തത്തില്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഇന്ത്യ പുറന്തള്ളുന്നുണ്ട്. എത്രയും പെട്ടെന്ന് കല്‍ക്കരി ഉപഭോഗം നിരോധിക്കണമെന്നാണ് ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്.
നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വിടവുണ്ട്. ലക്ഷ്യം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെയുള്ള നടപടികള്‍ പലതും ഉണ്ടാകുന്നില്ല. മറ്റൊന്ന് ലക്ഷ്യം തന്നെ അപ്രായോഗികമാണെന്ന് അറിയാം എന്നതാണ്.
താപനില ഉയരും
വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താപനിലയില്‍ ഇപ്പോഴുള്ള ഒരു ഡിഗ്രി സെന്റിഗ്രേഡ് ഉയര്‍ച്ച എന്നത് 2050 ഓടെ 1.5 ഡിഗ്രി സെന്റിഗ്രേഡ് ആയി പിടിച്ചുനിര്‍ത്താനാണ് ശ്രമം. എന്നാല്‍ നിലവിലെ മുന്‍കരുതലുകള്‍ നടപ്പാക്കിയാല്‍ തന്നെ താപനില 2.4 മുതല്‍ 2.9 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ താപനില ഉയര്‍ന്നാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
ഓരോ രാഷ്ട്രങ്ങളുടെയും സ്വന്തം അജണ്ടകള്‍ക്കിടയില്‍ നമുക്ക് എങ്ങനെ ഭൂമിയെ രക്ഷിക്കാനാകും എന്നതാണ് പ്രസക്തമായ ചോദ്യം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it