₹9,765 കോടിയുടെ വരുമാന നഷ്ടം! ₹6,650 കോടി അധിക കടം വേണം, ദേശീയപാത ജനുവരിയില്‍, പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ട് മുഖ്യമന്ത്രി

പാലക്കാട്-കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ, തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, എറണാകുളം ബൈപ്പാസ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും ജനുവരിയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി
Chief Minister Pinarayi Vijayan meets Prime Minister Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം കൈമാറിയപ്പോള്‍
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് കേരളത്തിന്റെ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബോധ്യപ്പെടുത്തിയതായും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി അടുത്ത ദിവസങ്ങളില്‍ നടത്താനിരുന്ന ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ നാലു പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍.ഡി.ആര്‍.എഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്റ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായുള്ള ഗ്രാന്റായി അനുവദിക്കണമെന്നാണ് ആവശ്യം.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ കുറക്കണം.

കടമെടുപ്പ് ശേഷി പുനസ്ഥാപിക്കല്‍, ഐ.ജി.എസ്.ടി റിക്കവറി തിരികെ നല്‍കല്‍, ബജറ്റിന് പുറത്തെ കടമെടുപ്പ് കുറച്ചത് എന്നിവ മാറ്റണമെന്നും ആവശ്യപ്പെട്ടു. ജി.എസ.ഡി.പിയുടെ 0.5% അധികമായി കടമെടുക്കാന്‍ അനുവദിക്കണം. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25% സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എയിംസ് കോഴിക്കോട്

കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ നഗരാസൂത്രണത്തിനും ആര്‍ക്കിടെക്ച്ചറല്‍ ഗവേഷണത്തിനുമായി സംസ്ഥാനത്ത് ഒരു സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്പിഎ)സ്ഥാപിക്കണം. കുടിശികയാക്കിയ നെല്ല് സംഭരണ സബ്‌സിഡി ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ധനമന്ത്രിയെയും കണ്ടു

കേരളം നേരിടുന്ന നിലവിലെ ധന ഞെരുക്കത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ തേടി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ജി.എസ്.ടി നിരക്ക് പരിഷ്‌കരണം, അമേരിക്കയുടെ പ്രതികാര ചുങ്കം, ഐ.ജി.എസ്.ടി റിക്കവറിയുടെ ഭാഗമായി തിരിച്ചുപിടിച്ച വലിയ തുക, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെയുള്ള നടപടികള്‍ കടുത്ത സാമ്പത്തിക ഞെരുക്കമുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ഏകദേശം 9,765 കോടി രൂപയുടെ വരുമാന നഷ്ടവും 5,200 കോടി രൂപയിലധികം കടമെടുപ്പ് പരിധിയിലെ കുറവും ഉണ്ടായിട്ടുണ്ട്. കൂടാതെ കിഫ്ബിയടക്കമുള്ള ബജറ്റിന് പുറത്തെ കടമെടുപ്പുകളുടെ പേരില്‍ 4,711 കോടി രൂപ വെട്ടിക്കുറച്ചിട്ടുമുണ്ട്. താല്‍ക്കാലിക ആശ്വാസമായി മുന്‍പുണ്ടായിരുന്ന കടമെടുപ്പ് പരിധി പുന:സ്ഥാപിക്കണം. ഐ.ജി.എസ്.ടി റിക്കവറിയുടെ ഭാഗമായി തിരിച്ചുപിടിച്ച 965 കോടി രൂപ തിരികെ നല്‍കുക. ഇനിയുള്ള റിക്കവറി മാറ്റിവയ്ക്കുക. ബജറ്റിന് പുറത്തെ കടമെടുപ്പില്‍ വരുത്തിയ 4,711 കോടി രൂപയുടെ വെട്ടിക്കുറയ്ക്കല്‍ അടുത്ത ധനകാര്യ കമ്മീഷന്‍ കാലയളവിലേക്ക് മാറ്റിവയ്ക്കുക. അവശ്യ മൂലധനച്ചെലവ് നിലനിര്‍ത്തുന്നതിനായി ജി.എസ്.ഡി.പിയുടെ 0.5% (ഏകദേശം 6,650 കോടി രൂപ) അധികമായി കടമെടുപ്പിനുള്ള അവസരം ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

ഐ.ആര്‍.ബിക്ക് പ്രത്യേക ബറ്റാലിയന്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടികാഴ്ചയില്‍ സംസ്ഥാനത്തിന്റെ ചില ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തീരദേശ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പൂര്‍ണ്ണമായും കേന്ദ്ര സാമ്പത്തിക പിന്തുണയോടെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ഒരു പ്രത്യേക യൂണിറ്റ് അനുവദിക്കും. ഇതിന് കേരളത്തില്‍ ഒരു മറൈന്‍ പോലീസ് ബറ്റാലിയനായും പ്രവര്‍ത്തിക്കാന്‍ കഴിയും.ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാലയുടെ ഒരു പ്രാദേശിക കാമ്പസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും. സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുന്നതിനും കേരളത്തിലെ സൈബര്‍ ക്രൈം നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സാമ്പത്തിക സഹായമായി 108 കോടി രൂപ അനുവദിക്കും.

ദേശീയപാത ജനുവരിയില്‍ തുറക്കും

കേരളത്തിലെ എന്‍എച്ച് 66 ലെ പ്രവൃത്തിയിലെ 16 റീച്ചുകളുടെയും വിശദമായ റിവ്യൂ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ നടന്നതായും മുഖ്യമന്ത്രി വിശദീകരിച്ചു. ഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ എന്‍എച്ച് 66ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. പ്രവൃത്തി പുരോഗതി നേരില്‍ പരിശോധിക്കാന്‍ കേരളം സന്ദര്‍ശിക്കുമെന്നും ഗഡ്ഗരി അറിയിച്ചു. പൂര്‍ത്തികരിച്ച റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തും. പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ, തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് (എന്‍എച്ച് 866), എറണാകുളം ബൈപ്പാസ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും ജനുവരിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com