
കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) മെട്രോ മാര്‍ട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഡിസംബര്‍ 13 മുതല്‍ 15 വരെ കൊച്ചി കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പ്, കേന്ദ്ര എം.എസ്.എം.ഇ, കിന്‍ഫ്ര എന്നിവയുടെ സഹകരണത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എം എസ്എംഇ ഡയറക്ടര്‍ ജി.എസ് പ്രകാശ് തുടങ്ങിയവര്‍ സംബന്ധിക്കും. കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ ജിതന്‍ റാം മാഞ്ചി പതിനഞ്ചിനു നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
എക്‌സിബിഷനില്‍ മുന്നൂറോളം സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ യന്ത്ര-സാമഗ്രികളുടെ നിര്‍മാതാക്കളുടേത് ഉള്‍പ്പെടെ മുന്നൂറോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള മെഷീന്‍ നിര്‍മാതാക്കളും എക്‌സ്‌പോയില്‍ അണിനിരക്കുന്നുണ്ട്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ പതിനായിരത്തിലേറെ വ്യവസായ, വാണിജ്യ പ്രമുഖര്‍ എത്തും. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ എക്‌സ്‌പോ വഴിയൊരുക്കുമെന്ന് പ്രതീക്ഷ. ശീതീകരിച്ച നാലു പവലിയനുകളിലായി ഇരുന്നൂറ്റി അമ്പതിലധികം സ്റ്റാളുകളില്‍ കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്പനികളും തങ്ങളുടെ മെഷീനറികള്‍ പ്രദര്‍ശിപ്പിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine