കണ്ണ് തള്ളിച്ച് കല്ലുമ്മക്കായ; കൊടുങ്ങല്ലൂരില്‍ വിളവെടുത്തത് 1.7 ടണ്‍; സി.എം.എഫ്.ആര്‍.ഐ പദ്ധതി വമ്പന്‍ ഹിറ്റ്

പട്ടികജാതി കുടുംബങ്ങള്‍ക്ക് ലക്ഷങ്ങള്‍ വരുമാനം
സി.എം.എഫ്.ആര്‍.ഐയുടെ മേല്‍നോട്ടത്തില്‍ കൊടുങ്ങല്ലൂര്‍ കായലില്‍ നടന്ന കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ്
സി.എം.എഫ്.ആര്‍.ഐയുടെ മേല്‍നോട്ടത്തില്‍ കൊടുങ്ങല്ലൂര്‍ കായലില്‍ നടന്ന കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ്
Published on

കൊടുങ്ങല്ലൂരില്‍ കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) മേല്‍നോട്ടത്തില്‍ കൊടുങ്ങല്ലൂര്‍ കായലില്‍ നടന്ന കല്ലുമ്മക്കായ കൃഷിയില്‍ വമ്പന്‍ വിളവെടുപ്പ്. ലക്ഷങ്ങള്‍ വില ലഭിക്കുന്ന കല്ലുമ്മക്കായകളാണ് കൃഷിയില്‍ നിന്ന് ലഭിച്ചത്.

ആറ് മാസം നീണ്ടുനിന്ന കൃഷിയില്‍ നിന്ന് ലഭിച്ചത് 1.7 ടണ്‍ കല്ലുമ്മകായ. പട്ടികജാതി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സി.എം.എഫ്.ആര്‍ഐയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാനിന്റെ(എസ്.സി.എസ്.പി) ഭാഗമായിരുന്നു കൊടുങ്ങല്ലൂര്‍ കായലിലെ കല്ലുമ്മക്കായ കൃഷി.

കിലോക്ക് 250 രൂപ വരെ

ചിലവ് കുറഞ്ഞ കല്ലുമ്മക്കായ കൃഷിരീതി ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ, രണ്ട് സ്വയം സഹായക സംഘങ്ങളെ പങ്കാളികളാക്കിയാണ് കൃഷി നടത്തിയത്. ഉയര്‍ന്ന വളര്‍ച്ചാ നിരക്കോടെ കൃഷിയില്‍ നിന്നും മികച്ച വിളവെടുപ്പാണ് നേടിയത്. തോട് ഉള്‍പ്പെടെയുള്ള കല്ലുമ്മക്കായ കിലോക്ക് 200-250 രൂപ വില ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ 15 പട്ടികജാതി കുടുംബങ്ങളിലെ അംഗങ്ങള്‍ക്കായുള്ള കൃഷി ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു. ജി ഐ പൈപ്പുകള്‍ ഉപയോഗിച്ച് രണ്ട് കൃഷിയിടങ്ങളാണ് സി.എം.എഫ്.ആര്‍.ഐ സ്ഥാപിച്ചത്. ആവശ്യമായ ശാസത്ര-സാങ്കേതിക സഹായവും നല്‍കി.

കൊടുങ്ങല്ലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. വി.എസ്. ബിനില്‍ വിളവെടുപ്പ് മേള ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവന്‍, കൗണ്‍സിലര്‍ കെ.എസ്. ശിവറാം, സി.എം.എഫ്.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. രമ മധു, സീനിയര്‍ സയന്റിസ്റ്റ് ഡോ. വിദ്യ ആര്‍, ടെക്നിക്കല്‍ ഓഫീസര്‍ പി. എസ്. അലോഷ്യസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com