കൊച്ചിയിലും തിരുവനന്തപുരത്തും കോവര്‍ക്കിംഗ് സ്പേസ് ഒരുക്കാന്‍ സ്പേസ്‌വണ്‍

പ്രമുഖ കോവര്‍ക്കിംഗ് സ്പേസ് ദാതാവായ സ്പേസ്‌വണ്‍ കേരളത്തിലെ ആദ്യ കേന്ദ്രം കൊച്ചി മരടിലെ അബാദ് ന്യൂക്ലിയസ് മാളില്‍ തുറന്നു. 5000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ കേന്ദ്രം അബാദ് ഗ്രൂപ്പ് ചെയര്‍മാന്‍ സക്കറിയ ഉസ്മാനും അബാദ് ഫിഷറീസ് എംഡി അന്‍വര്‍ ഹാഷിമും ഉദ്ഘാടനം ചെയ്തു. ആഡംബര ചുറ്റുപാടും ലീസ്ഡ് ഇന്റര്‍നെറ്റ്, പവര്‍ ബാക്കപ്പ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ന്യൂക്ലിയസ് മാളില്‍ തുറന്ന സെന്ററില്‍ ലഭ്യമാണ്. ഒരേ സമയത്ത് ആയിരം പേര്‍ക്ക് സൗകര്യമുള്ള രണ്ട് മള്‍ട്ടിപര്‍പ്പസ് ഹാളുകള്‍ ചേര്‍ന്നതാണ് കൊച്ചിയിലെ സെന്റര്‍. മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, കഫറ്റേരിയ, എന്റര്‍ടെയിന്‍മെന്റ് ഏരിയ എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും കൊച്ചിയിലെ സെന്ററിലുണ്ട്.

കൊച്ചിക്കു പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും കമ്പനി കോര്‍വര്‍ക്കിംഗ് കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജെയിംസ് തോമസ് പറഞ്ഞു. 1000 കോവര്‍ക്കിംഗ് സീറ്റുകള്‍ക്ക് സൗകര്യമൊരുക്കുന്നതിന് തിരുവനന്തപുരത്തും കൊച്ചിയിലുമായി 70,000 ചതുരശ്ര അടി സ്ഥലം സ്പേസ്‌വണ്‍ ഏറ്റെടുത്തിട്ടുണ്ട്. 2022-23 വര്‍ഷം വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപയുടെ നിക്ഷേപങ്ങളാണ് സ്പേസ്‌വണ്‍ സൊലൂഷന്‍സ് നടത്താന്‍ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ സിജോ ജോസ് പറഞ്ഞു.

ചടങ്ങില്‍ അബാദ് ബില്‍ഡേഴ്സ് എംഡി ഡോ. നജീബ് സക്കറിയ, സ്പേസ് വണ്‍ സൊലൂഷന്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജെയിംസ് തോമസ്, പ്രോപ്പര്‍ട്ടി അക്വിസിഷന്‍ ഡയറക്ടര്‍ സിജോ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles

Next Story

Videos

Share it