ഇടത്തരക്കാര്‍ക്ക് അതൃപ്തി, യുവാക്കള്‍ക്ക് രോഷം; എന്‍.ഡി.എ 3.0യില്‍ സാമ്പത്തിക രംഗത്ത് 'യു ടേണ്‍'?

അധികാരം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും അപ്രതീക്ഷിത ഞെട്ടലില്‍ നിന്ന് മുക്തരായിട്ടുണ്ടാകില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. ഗ്രാമീണ, ഇടത്തരം വോട്ടര്‍മാര്‍ അസംതൃപ്തരാണെന്ന് മോദി സര്‍ക്കാര്‍ കരുതിയിരുന്നില്ല. ഭരണം കിട്ടിയെങ്കിലും സാമ്പത്തികരംഗത്ത് ഉള്‍പ്പെടെ പൊളിച്ചെഴുത്തിനുള്ള സാധ്യതകളിലേക്കാണ് തെരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്നത്.
പൊതുവേ സബ്‌സിഡികളോട് ഒട്ടും താല്പര്യമില്ലാത്ത നേതാവാണ് മോദി. സബ്‌സ്ഡികള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയെന്ന നയത്തിനാണ് അദ്ദേഹം പത്തുവര്‍ഷവും പ്രാധാന്യം നല്‍കിയത്. ഇത് വോട്ടര്‍മാരെ പ്രകോപിപ്പിക്കുമെന്ന തിരിച്ചറിവ് മൂന്നാം ഊഴത്തിലെ നയങ്ങളില്‍ പ്രതിഫലിച്ചേക്കും. പുതിയ സര്‍ക്കാരിലെ സഖ്യകക്ഷികളുടെ നിലപാടുകളും നിര്‍ണായകമാകും. സര്‍ക്കാരില്‍ നിര്‍ണായക ശക്തിയാകുന്ന നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കണമെന്ന നിലപാടുകാരാണ്.
സംസ്ഥാനങ്ങളുടെ പ്രത്യേക പദവി
ആന്ധ്രപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാര്‍ട്ടികള്‍ പുതിയ കേന്ദ്രസര്‍ക്കാരില്‍ വലിയ സ്വാധീനം ചെലുത്തുന്ന ജനവിധിയാണ് വന്നിരിക്കുന്നത്. ആന്ധ്രയില്‍ ടി.ഡി.പി മുമ്പ് എന്‍.ഡി.എയുമായി അകലാനുള്ള കാരണങ്ങളിലൊന്ന് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാന്‍ മോദി തയാറാകാതിരുന്നതിനാലായിരുന്നു.
പുതിയ സര്‍ക്കാരിന്റെ ഘടനയില്‍ സഖ്യകക്ഷികള്‍ക്ക് പ്രാധാന്യം ലഭിച്ചതോടെ പ്രത്യേക പദവിയെന്ന ആവശ്യം ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവയ്ക്കുമെന്ന് ഉറപ്പാണ്. ബിഹാറില്‍ നിതീഷ് കുമാറും സമാനമായ ആവശ്യവുമായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനുള്ള സാധ്യത ഏറെയാണ്. ഇത് പുതിയ സര്‍ക്കാരിന് തലവേദനയാകും.
കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പരിഗണന
കേന്ദ്രസര്‍ക്കാരിനെതിരേ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടവച്ചതായിരുന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ അപ്രതീക്ഷിത തിരിച്ചടിക്ക് കര്‍ഷകരുടെ രോഷം കാരണമായെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാരിന്റെ ഭാഗമാകുന്ന പാര്‍ട്ടികളില്‍ കര്‍ഷക വോട്ടുബാങ്ക് ഉള്ളവരുമുണ്ട്.
ഇത് കാര്‍ഷിക നയങ്ങളില്‍ 10 വര്‍ഷം തുടര്‍ന്നുപോന്ന പതിവില്‍ മാറ്റംവരുത്താന്‍ പുതിയ സര്‍ക്കാരിനെ പ്രേരിപ്പിക്കും. ഉത്തര്‍പ്രദേശില്‍ കാര്‍ഷിക മേഖലയില്‍ വേരോട്ടമുള്ള ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ കൂടുതല്‍ ആനുകൂല്യം കാര്‍ഷിക മേഖലയ്ക്ക് നല്‍കണമെന്ന് വാദിക്കുന്നവരാണ്. അടുത്തു തന്നെ ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുമെന്നതിനാല്‍ കാര്‍ഷകരെ ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനങ്ങള്‍ ഉടനടി ഉണ്ടായേക്കും.
സബ്‌സിഡി നയംമാറ്റേണ്ടിവരും
പല സബ്‌സിഡികളും ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കുകയാണ് മോദി തന്റെ ആദ്യ രണ്ടു ടേമുകളിലും ചെയ്തത്. എന്നാല്‍ വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നതില്‍ സബ്‌സിഡികള്‍ക്ക് വലിയ പങ്കുണ്ടെന്ന തിരിച്ചറിവായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
2016ല്‍ കൊണ്ടുവന്ന പ്രധാന്‍മന്ത്രി ഉജ്വല യോജന പദ്ധതി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വലിയ ഹിറ്റായിരുന്നു, പ്രത്യേകിച്ച് വനിതകളില്‍. രണ്ടാം ടേമിലേക്ക് വലിയതോതില്‍ വോട്ടുകള്‍ ലഭിക്കാന്‍ ഈ സ്‌കീം വഴി സാധിച്ചിരുന്നു. എന്നാല്‍, പിന്നീട് സബ്‌സിഡി പതിയെ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം ശ്രമിച്ചത്. ഇത് ഇത്തവണ സ്ത്രീവോട്ടര്‍മാരില്‍ നിന്നുള്ള തിരിച്ചടിക്ക് കാരണമായി. വീണ്ടും എല്‍.പി.ജി സ്‌കീമില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ പുതിയ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ വിധി മാറ്റിയെഴുതിയ പദ്ധതിയായിരുന്നു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മന്‍മോഹന്‍ സിംഗിന് രണ്ടാം ഊഴത്തിലേക്ക് വഴിയൊരുക്കുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്ക് വഹിച്ചു. മോദി അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ പദ്ധതിക്ക് നീക്കിവയ്ക്കുന്ന ഫണ്ട് കുറച്ചു കൊണ്ടുവരികയായിരുന്നു. ഗ്രാമീണ മേഖകളില്‍ താഴെത്തട്ടിലുള്ളവരുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സംഭാവന വലുതായിരുന്നു. വലിയ താല്പര്യമില്ലെങ്കില്‍ പോലും ഈ പദ്ധതികളിലേക്ക് കൂടുതല്‍ പണം അനുവദിക്കാന്‍ നിയുക്ത ബി.ജെ.പി സര്‍ക്കാര്‍ തയാറായേക്കും.
വലിയ തട്ടുകേടില്ലാതെ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ സഹായിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന. രാജ്യത്തുടനീളം 60 കോടിയിലധികം താഴ്ന്ന വരുമാനക്കാര്‍ക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതി തുടരാന്‍ തന്നെയാണ് സാധ്യത.
യുവാക്കളുടെ കോപം തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ ബാധിച്ചെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി കൊണ്ടുവന്ന അഗ്നിവീര്‍ ഉള്‍പ്പെടെയുള്ള വിവാദ പരിഷ്‌കാരങ്ങളില്‍ പുനരാലോചന നടത്താന്‍ പുതിയ സര്‍ക്കാര്‍ മുതിരാനും സാധ്യതയുണ്ട്. എന്തായാലും സാമ്പത്തികരംഗത്ത് വലിയ രീതിയില്‍ മാറ്റത്തിന് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it