മണ്ണൊലിപ്പും കൊടുങ്കാറ്റും തടയുന്നതില്‍ പ്രധാനം, തീരദേശ കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ പദ്ധതിക്ക് വൈപ്പിനിൽ തുടക്കമായി

ആദ്യ ഘട്ടത്തിൽ വൈപ്പിൻ തീരപ്രദേശത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് പദ്ധതി നടപ്പിലാക്കുക
ബ്യൂമെർക്ക്  ഇന്ത്യ ഫൗണ്ടേഷന്റെ ചെയർമാൻ ആര്‍. ബാലചന്ദ്രൻ വൈപ്പിൻ കേന്ദ്രമാക്കി കണ്ടൽക്കാടുകള്‍ വളര്‍ത്തി പരിപാലിക്കാനുളള സമ്മതപത്രം എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.എന്‍ ഹരിഹരന് കൈമാറുന്നു. എംഎസ്എസ്ആർഎഫ് കേരള ഡയറക്ടർ ഡോ. വി. ഷക്കീല സമീപം.
ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷന്റെ ചെയർമാൻ ആര്‍. ബാലചന്ദ്രൻ വൈപ്പിൻ കേന്ദ്രമാക്കി കണ്ടൽക്കാടുകള്‍ വളര്‍ത്തി പരിപാലിക്കാനുളള സമ്മതപത്രം എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.എന്‍ ഹരിഹരന് കൈമാറുന്നു. എംഎസ്എസ്ആർഎഫ് കേരള ഡയറക്ടർ ഡോ. വി. ഷക്കീല സമീപം.
Published on

എറണാകുളത്തിന്റെ 46 കിലോമീറ്റർ ദൈർഘ്യം വരുന്ന തീരദേശത്തെ സംരക്ഷിക്കുന്നതിൽ കണ്ടൽക്കാടുകൾക്ക് വലിയ പ്രാധാന്യമാണുളളത്. മണ്ണൊലിപ്പ്, കൊടുങ്കാറ്റുകൾ, വേലിയേറ്റം, സുനാമി തുടങ്ങിയവയിൽ നിന്ന് തീരത്തെ സംരക്ഷിക്കുന്ന പ്രകൃതിദത്ത സംരക്ഷകരാണ് കണ്ടക്കാടുകൾ. ദുബായ് ആസ്ഥാനമായുള്ള ബ്യൂമെർക്ക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ (BIF) എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (MSSRF) പിന്തുണയോടെ കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ പദ്ധതി ആരംഭിച്ചു.

മൂന്ന് വർഷമാണ് പദ്ധതിയുടെ കാലാവധി. ആദ്യ ഘട്ടത്തിൽ എറണാകുളം വൈപ്പിൻ തീരപ്രദേശത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് പദ്ധതി നടപ്പിലാക്കുക. തീരദേശ മണ്ണൊലിപ്പ് തടയുന്നതിലും പരിസ്ഥിതി ലോലവും ദുർബലവുമായ പ്രദേശങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും കണ്ടൽക്കാടുകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ബി.ഐ.എഫ് ചെയര്‍മാന്‍ ആർ. ബാലചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലം കേരളത്തിന്റെ മലനിരകളും സമുദ്ര തീരങ്ങളും ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ 30 ശതമാനവും തീരപ്രദേശമാണ്. പ്രകൃതിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായുളള പല പദ്ധതികളും കേരളത്തിലുടനീളം സംഘടിപ്പിക്കുമെന്നും ആർ. ബാലചന്ദ്രൻ പറഞ്ഞു.

20,000 ത്തോളം തൈകൾ തയാറാക്കും

2004 ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ സുനാമിയില്‍ കിഴക്കന്‍ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനും ഒഡിഷയിലെ സൂപ്പര്‍ സൈക്ലോണിന്റെ ആഘാതം കുറയ്ക്കുന്നതിനും കണ്ടല്‍ക്കാടുകള്‍ വഹിച്ച പങ്ക് നിസാരമല്ലെന്ന് എം.എസ്.എസ്.ആർ.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജി.എൻ. ഹരിഹരൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും കണ്ടല്‍ക്കാടുകള്‍ സഹായകരമാണ്. ഈ മേഖലയിൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്‍ ദേശീയതലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ജി.എൻ. ഹരിഹരൻ പറഞ്ഞു.

'കൊച്ചിയിലെ കണ്ടൽ മനുഷ്യൻ' എന്നറിയപ്പെടുന്ന മുരുകേശന്റെ നേതൃത്വത്തില്‍ കണ്ടൽ ഫീൽഡ് സ്‌കൂൾ & നഴ്‌സറി ആരംഭിക്കുന്നതാണ്. അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്ന കണ്ടൽ സസ്യങ്ങളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുകയാണ് നഴ്സറിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യ വർഷം 20,000 ത്തോളം തൈകൾ തയാറാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എംഎസ്എസ്ആർഎഫ് (ഏരിയ ഓപ്പറേഷൻസ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആർ. രംഗലക്ഷ്മി, എംഎസ്എസ്ആർഎഫ് ഡയറക്ടർ (കേരളം) ഡോ. വി. ഷക്കീല എന്നിവരും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com