

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 0484 എയ്റോ ലോഞ്ച് പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു. ഇതിനകം 25,000 അതിഥികളാണ് ലോഞ്ച് സേവനം ഉപയോഗപ്പെടുത്തിയത്. 12,000 റൂം ബുക്കിങ്ങുകളും നടന്നു. യാത്രക്കാരും സന്ദർശകരും ഒരു പോലെ ലോഞ്ച് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
6, 12, 24 എന്നിങ്ങനെ മണിക്കൂർ നിരക്കിൽ ബുക്കിങ് സംവിധാനമുള്ളതിനാൽ, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ലോഞ്ച് ഉപയോഗിക്കുന്നു. ഒറ്റയ്ക്ക് യാത്രചെയ്യുന്നവർക്കും പ്രവാസികൾക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ കേന്ദ്രമായി മാറുകയാണ്.
50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലോഞ്ചിൽ 37 മുറികളും 4 സ്യൂട്ടുകളും ഉൾപ്പെടുന്നു. കൂടാതെ 3 ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, കോ-വർക്കിംഗ് സ്‌പെയ്‌സുകൾ, ജിം, സ്പാ, ലൈബ്രറി എന്നിവയുമുണ്ട്. കോൺഫറൻസ് ഹാൾ, ബോർഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങൾ മീറ്റിംഗുകൾക്കായും മറ്റും കോർപറേറ്റ് സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മീറ്റിംഗിൽ പങ്കെടുക്കേണ്ടവർക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാകുമെന്നതാണ് പ്രധാന ആകർഷണം. പ്രീ-വെഡ്ഡിംഗ് ഷൂട്ടുകൾ, പത്രസമ്മേളനങ്ങൾ, ബിസിനസ് സമ്മേളനങ്ങൾ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നു.
ലോഞ്ചിനകത്തായി കഫേയും റീട്ടെയിൽ ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ടെർമിനലിന് തൊട്ടടുത്തായതുകൊണ്ട് തന്നെ രാത്രി യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ വിശ്രമകേന്ദ്രമായി ലോഞ്ച് മാറുന്നു. സിയാലിന്റെ വ്യോമേതര വരുമാനം വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്തംബറില്‍ ഉദ്‌ഘാടനം ചെയ്ത ലോഞ്ച് ഒക്ടോബറിലാണ് പ്രവർത്തനമാരംഭിച്ചത്.
Cochin Airport’s 0484 Aero Lounge marks one year with 25,000 guests and growing premium travel services.
Read DhanamOnline in English
Subscribe to Dhanam Magazine