ഹരിതോര്‍ജ മേഖലയില്‍ സിയാലിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളമാണ് സിയാല്‍
സിയാൽ എംഡി എസ്. സുഹാസ്, എ.സി. ഐ പ്രസിഡന്റ് എസ്.ജി.കെ. കിഷോറിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു. സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി., എ.സി.ഐ ഇന്റർനാഷണൽ ഏഷ്യ-പസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൻസി എന്നിവർ സമീപം
സിയാൽ എംഡി എസ്. സുഹാസ്, എ.സി. ഐ പ്രസിഡന്റ് എസ്.ജി.കെ. കിഷോറിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു. സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി., എ.സി.ഐ ഇന്റർനാഷണൽ ഏഷ്യ-പസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൻസി എന്നിവർ സമീപം
Published on

ഹരിതോര്‍ജ ഉത്പാദന മേഖലയില്‍ ഏര്‍പ്പെടുത്തിയ പരീക്ഷണങ്ങള്‍ക്ക് സിയാലിന് അന്താരാഷ്ട്ര അംഗീകാരം. പയ്യന്നൂര്‍ സൗരോര്‍ജ പദ്ധതിയില്‍ പരീക്ഷിച്ച സാങ്കേതിക സംവിധാനത്തിനാണ് സിയാലിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) അംഗീകാരം ലഭിച്ചത്. പ്രതിവര്‍ഷം 6-15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയര്‍പോര്‍ട്ട് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം.

ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എ.സി.ഐ പ്രസിഡന്റ് എസ്.ജി.കെ. കിഷോറില്‍ നിന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് അവാര്‍ഡ് സ്വീകരിച്ചു. സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി., എ.സി.ഐ ഇന്റര്‍നാഷണല്‍ ഏഷ്യ-പസഫിക് ഡയറക്ടര്‍ ജനറല്‍ സ്റ്റെഫാനോ ബറോന്‍സി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാര്‍ പ്ലാന്റ് ആണ് പയ്യന്നൂരിലേത്. ഭൂമിയുടെ ഘടനയ്ക്ക് അനുസൃതമായി സ്ഥാപിക്കുന്ന ഇത്തരം പ്ലാന്റുകള്‍ക്ക് നിരപ്പാര്‍ന്ന സ്ഥലത്തുള്ള പ്ലാന്റുകളേക്കാള്‍ 35%-ല്‍ അധികം പാനലുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതിനായി ഭൂമിയുടെ ചരിവ് നികത്തേണ്ടതില്ല. ഹരിതോര്‍ജ ഉത്പാദന മേഖലയില്‍ നിരന്തരം വികസനങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന സിയാല്‍ നിരവധി ഹരിതോര്‍ജ ഉത്പാദന സംരംഭങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്.

''ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളമാണ് സിയാല്‍. തുടര്‍ച്ചയായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, വര്‍ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനാണ് സിയാല്‍ ഉദ്ദേശിക്കുന്നത്. നിലവില്‍, സിയാലിന്റെ മൊത്തം സ്ഥാപിതശേഷി 50 മെഗാവാട്ട് ആണ്. നമ്മുടെ ആവാസ വ്യവസ്ഥക്ക് കരുതല്‍ പകര്‍ന്നുകൊണ്ടുള്ള ഇത്തരം വികസന പദ്ധതികള്‍ മറ്റ് ഊര്‍ജ്ജ ഉത്പാദകര്‍ക്ക് മാതൃകയാകും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'' സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com