

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മൂന്ന് കപ്പലുകള്‍ ശനിയാഴ്ച നീറ്റിലിറങ്ങും. ഏതാണ്ട് 2,000 കോടി രൂപ മൂല്യമുള്ള കപ്പലുകളാണിത്. യൂറോപ്യന്‍ കമ്പനിക്ക് വേണ്ടി 2,000 കോടി രൂപക്ക് ആറ് ഫീഡര്‍ കണ്ടെയ്‌നറുകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യന്‍ നാവികസേനക്ക് വേണ്ടിയുള്ള ആന്റി സബ് മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍, ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയ്‌ലിംഗ് സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജര്‍, പുറങ്കടലിലെ വിന്‍ഡ് ഫാമുകള്‍ക്ക് ഉപയോഗിക്കാനുള്ള കമിഷനിംഗ് സര്‍വീസ് ഓപറേഷന്‍ വെസല്‍ എന്നിവയാണ് നീറ്റിലിറങ്ങുന്നത്.
നാവിക സേനക്ക് വേണ്ടി എട്ട് കപ്പലുകള്‍ നിര്‍മിക്കാന്‍ 2019 ഏപ്രിലിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി കരാറിലെത്തിയത്. ഇതില്‍ ആറാമത്തേതാണ് ശനിയാഴ്ച നീറ്റിലിറങ്ങുന്നത്. 78 മീറ്റര്‍ നീളവും 896 ടണ്‍ ഭാരവുമുള്ള കപ്പലിന് 700 കോടി രൂപ ചെലവായി. മണിക്കൂറില്‍ 25 നോട്‌സ് വേഗത കൈവരിക്കാനാകും. കൂടാതെ അത്യാധുനിക അണ്ടര്‍ വാട്ടര്‍ സെന്‍സറുകള്‍, ലൈറ്റ് വെയിറ്റ് ടോര്‍പിഡോകള്‍, എ.എസ്.ഡബ്ല്യൂ റോക്കറ്റുകള്‍, മൈനുകള്‍ സ്ഥാപിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയും കപ്പലിലുണ്ട്. തെരച്ചില്‍, രക്ഷാ ദൗത്യങ്ങള്‍ക്കും സമുദ്ര ഓപ്പറേഷനുകള്‍ക്കും കപ്പല്‍ ഉപയോഗിക്കാവുന്നതാണ്. നാവിക സേനയുടെ അഭയ് ക്ലാസ് കോര്‍വെറ്റുകള്‍ക്ക് പകരമായാണ് ഇവ ഉപയോഗിക്കുന്നത്. ഇതോടെ ആന്റി സബ്മറൈന്‍ രംഗത്ത് നാവികസേനയുടെ കരുത്ത് വര്‍ധിക്കുമെന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വൃത്തങ്ങള്‍ പറയുന്നു.
ഡ്രഡ്ജിംഗ് കോര്‍പറേഷന് വേണ്ടി നെതര്‍ലാന്റ്‌സിലെ റോയല്‍ ഐ.എച്ച്.സിയുടെ സഹകരണത്തോടെയാണ് ഡി.സി.ഒ ഡ്രഡ്ജ് ഗോദാവരിയെന്ന കപ്പല്‍ നിര്‍മിച്ചത്. 800 കോടി രൂപയായിരുന്നു കരാര്‍ തുക. ഇന്ത്യയിലെ ഏറ്റവും ആധുനികവും വലിപ്പമുള്ളതുമായ ഡ്രഡ്ജറാണിത്. 12,000 ക്യൂബിക് മീറ്ററാണ് കപ്പാസിറ്റി. 36 മീറ്റര്‍ ആഴത്തില്‍ വരെ ഡ്രഡ്ജ് ചെയ്യാന്‍ ഇതിനാകും. ബീഗിള്‍ എന്ന പ്‌ളാറ്റ്‌ഫോമിലാണ് നിര്‍മാണം. ഇന്ത്യയിലെ വിവിധ തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും ആഴം കൂട്ടാനും കപ്പല്‍ ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷ.
വൈദ്യുതിയിലും മെഥനോളിനും പ്രവര്‍ത്തിപ്പിക്കാവുന്ന ഹൈബ്രിഡ് കമിഷനിംഗ് സര്‍വീസ് ഓപറേഷന്‍ വെസലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ചിട്ടുണ്ട്. 93 നീളവും 19.6 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ വലിയ ലിഥിയം അയണ്‍ ബാറ്ററി പാക്കിലാണ് പ്രവര്‍ത്തിക്കുന്നത്. കടലിനുള്ളില്‍ ഓഫ്‌ഷോര്‍ കാറ്റാടിപ്പാടങ്ങളും മറ്റും സ്ഥാപിക്കാനും ഇവയുടെ അറ്റകുറ്റപ്പണി നടത്താനുമാണ് ഇവ ഉപയോഗിക്കുന്നത്. ഇവിടുത്തേക്കുള്ള തൊഴിലാളികളെയും കൊണ്ടുപോകുന്നതിനാല്‍ ഫ്‌ളോട്ടിംഗ് ഹോട്ടല്‍ എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്. നോര്‍വേയിലെ കോംഗ്‌സ്‌ബെര്‍ഗ് മാരിടൈം കമ്പനിയുടെ സഹകരണത്തോടെയാണ് കപ്പല്‍ വികസിപ്പിച്ചത്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 11.45ലെ കണക്ക് അനുസരിച്ച് 0.78 ശതമാനം നേട്ടത്തോടെ ഓഹരിയൊന്നിന് 1,805 രൂപയെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരികള്‍ 2.6 ശതമാനം റിട്ടേണ്‍ നല്‍കിയതായും കണക്കുകള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine