ലോക്കല്‍, ഒപ്പം പവര്‍ഫുള്ളും! കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് അഭിമാന നിമിഷം; മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കി

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഇന്ത്യന്‍ നേവിയ്ക്കുവേണ്ടി നിര്‍മിച്ച ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഇന്ത്യന്‍ നേവിയ്ക്കുവേണ്ടി നിര്‍മിച്ച ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ്.
Published on

സിംഹഭാഗവും തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച മൂന്നു വ്യത്യസ്തയിനം കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ച അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍, ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ 'ഡിസിഐ ഡ്രഡ്ജ് ഗോദാവരി' എന്നിവയാണ് ശനിയാഴ്ച നീറ്റിലിറക്കിയത്.

ഇന്ത്യന്‍ നേവിക്കുവേണ്ടി നിര്‍മിച്ച ആറാമത്തെ അന്തര്‍വാഹിനി കപ്പലാണ് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി. നാവികസേന വൈസ് അഡ്മിറല്‍ ആര്‍. സ്വാമിനാഥന്റെ പത്‌നി രേണു രാജാറാം ലോഞ്ചിംഗ് നിര്‍വഹിച്ചു. 12,000 ക്യുബിക് മീറ്റര്‍ കപ്പാസിറ്റിയുള്ള രാജ്യത്തെ ഏറ്റവും വലിയ സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജര്‍ 'ഡിസിഐ ഡ്രഡ്ജ് ഗോദാവരി'യുടെ ലോഞ്ചിംഗ് ഡ്രഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി ശിരോഭൂഷണം സുജാത നിര്‍വഹിച്ചു.

രാജ്യത്തിന്റെ നാവിക പ്രതിരോധ മേഖല, വാണിജ്യ കപ്പല്‍ നിര്‍മാണം, ഹരിത സമുദ്രഗതാഗതം എന്നിവയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കരസ്ഥമാക്കിയ എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും നേതൃത്വ മികവിന്റെയും തെളിവാണ് പുതിയ കപ്പലുകളെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍ പറഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യ

നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന എട്ട് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ ആറാമത്തേതാണ് ഇന്നലെ നീറ്റിലിറക്കിയ 'ഐഎന്‍എസ് മഗ്ദല'. രാജ്യത്ത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തു നിര്‍മിച്ച അന്തര്‍വാഹിനി കപ്പലിന് 78 മീറ്റര്‍ നീളവും 896 ടണ്‍ ഭാരവുമുണ്ട്. മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലില്‍ അത്യാധുനിക അണ്ടര്‍വാട്ടര്‍ സെന്‍സറുകള്‍, വെള്ളത്തില്‍നിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോര്‍പ്പിഡോകള്‍, റോക്കറ്റുകള്‍, മൈനുകള്‍ വിന്യസിക്കാനുള്ള സംവിധാനം എന്നിവയുണ്ട്.

തീരത്തു നിന്ന് അകലെയുള്ള പ്രവൃത്തികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി സര്‍വീസ് ഓപ്പറേഷന്‍ വെസല്‍. സാധാരണഗതിയില്‍ ഡീസല്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാനും കാറ്റാടിപ്പാടങ്ങളിലെ ടര്‍ബൈനുകള്‍ക്കടുത്ത് വളരെ കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുമ്പോഴോ, ഡോക്ക് ചെയ്യുമ്പോഴോ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന രീതിയിലാണ് കപ്പലിന്റെ നിര്‍മാണം. ഭാവിയില്‍ മെഥനോള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള സാങ്കേതിക സൗകര്യത്തോടെയാണ് ഈ കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്.

ഡ്രഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറാണ് 'ഡിസിഐ ഡ്രഡ്ജ് ഗോദാവരി'. 12,000 ക്യുബിക് മീറ്റര്‍ കപ്പാസിറ്റിയുള്ള സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജറാണിത്. നെതര്‍ലന്‍ഡ്‌സിലെ റോയല്‍ ഐഎച്ച്‌സിയുമായി സഹകരിച്ചായിരുന്നു നിര്‍മാണം. 127 മീറ്റര്‍ നീളവും 28.4 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. വലിയ ചരക്കുകപ്പലുകള്‍ക്കടക്കം രാജ്യത്തെ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാവുന്ന തരത്തില്‍ തുറമുഖ നവീകരണം, കപ്പല്‍ ചാലുകളുടെ പരിപാലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com