Begin typing your search above and press return to search.
സമുദ്രം കാക്കാന്‍ നാവിക സേനക്ക് രണ്ട് കപ്പലുകള്‍ കൂടി; കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് പുതിയ പൊന്‍തൂവല്‍
നാവിക സേനയ്ക്കു വേണ്ടി നിർമിച്ച രണ്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്) കൊച്ചിന്‍ ഷിപ്‌യാര്‍ഡ് നീറ്റിലിറക്കി. അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സോണാർ സംവിധാനം ഉൾപ്പടെയുള്ള കപ്പലുകളാണ് ഇവ.
കപ്പലിന്റെ പ്രത്യേകതകള്‍
78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുള്ള കപ്പലുകൾക്ക് പരമാവധി 25 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കാൻ സാധിക്കും. ശത്രു സാന്നിധ്യം തിരിച്ചറിയാൻ നൂതന റഡാർ സിഗ്നലിങ് സംവിധാനമുള്ള സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകൾ പൂർണമായും തദ്ദേശീയമായാണ് നിർമിച്ചിട്ടുള്ളത്.
വൈസ് അഡ്മിറൽ വി. ശ്രീനിവാസിന്റെ പത്നി വിജയ ശ്രീനിവാസ് കപ്പലുകൾ നീറ്റിലിറക്കുന്ന ചടങ്ങ് തിങ്കളാഴ്‌ച നിർവഹിച്ചു. ദക്ഷിണ നാവികാസ്ഥാനത്തെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു.
കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍, കൊച്ചിൻ ഷിപ്‌യാര്‍ഡ് ഡയറക്ടർമാർ, ഇന്ത്യൻ നേവിയുടെ മുതിർന്ന ഉദ്യോഗസ്ഥർ, ക്ലാസിഫിക്കേഷൻ സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കപ്പലിലുളളത് മികച്ച സുരക്ഷാ സംവിധാനങ്ങള്‍
രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയെ എല്ലാ വെല്ലുവിളികളില്‍ നിന്നും കാക്കുന്നതില്‍ ഈ പ്രതിരോധ കപ്പലുകള്‍ക്ക് വളരെയേറെ പ്രധാനപ്പെട്ട ചുമതലയാണ് വഹിക്കാനുളളതെന്ന് വൈസ് അഡ്മിറൽ വി. ശ്രീനിവാസ് പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കപ്പലുകള്‍ പൂര്‍ണമായും തദ്ദേശീയമായി നിര്‍മിക്കുന്നതില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് സുത്യര്‍ഹമായ സേവനമാണ് നടത്തിയത്.
അയല്‍ രാജ്യത്തു നിന്ന് ഇന്ത്യക്ക് സുരക്ഷാ വെല്ലുവിളികള്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുന്നതിനും പരിപാലിക്കുന്നതിനും പ്രതിരോധ കപ്പലുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അത്യാധുനിക സുരക്ഷാ പ്രതിരോധ സംവിധാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ കപ്പലുകളെന്നും വൈസ് അഡ്മിറൽ പറഞ്ഞു.
മികച്ച ടെക്‌നീഷ്യന്മാരുടെ മേൽനോട്ടത്തിൽ അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കപ്പലുകൾ നിർമിച്ചതെന്ന് മധു എസ്. നായർ പറഞ്ഞു. അന്തർവാഹിനി ആക്രമണ പ്രധിരോധ കപ്പലുകൾ നാവികസേനയുടെ ഭാഗമാകുന്നതോടെ, ആഗോളതലത്തിൽ കൊച്ചി കപ്പൽ നിർമാണശാലയുടെ പ്രവൃത്തികൾക്ക് മുന്നേറ്റമുണ്ടാക്കാനാകും.
യൂറോപ്പ് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കപ്പൽ നിർമാണ സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാൽപേ, മുൾക്കി പേരുകളില്‍ അറിയപ്പെടും
അന്തര്‍വാഹിനികളെ പ്രഹരിക്കാന്‍ ശേഷിയുള്ള എട്ട് പ്രതിരോധ കപ്പലുകളാണ് ഇന്ത്യന്‍ നാവിക സേനക്കു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഐ.എൻ.എസ് മാഹി, ഐ.എൻ.എസ് മാൽവൻ, ഐ.എൻ.എസ് മാംഗ്രോൾ എന്നിങ്ങനെ മൂന്ന് കപ്പലുകൾ നീറ്റിലിറക്കിയിരുന്നു.
പുതുതായി രണ്ട് കപ്പലുകള്‍ കൂടി നീറ്റിലിറക്കിയതോടെ കൊച്ചിൻ ഷിപ്‌യാര്‍ഡ് വ്യോമസേനയ്ക്ക് ഇതിനോടകം അഞ്ച് പ്രതിരോധ കപ്പലുകള്‍ കൈമാറിക്കഴിഞ്ഞു. ഐ.എൻ.എസ് മാൽപേ, ഐ.എൻ.എസ് മുൾക്കി എന്നിങ്ങനെയാണ് പുതിയ കപ്പലുകളെ നാമകരണം ചെയ്തിരിക്കുന്നത്.
1978 ല്‍ സ്ഥാപിതമായ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് പ്രതിരോധ സേനകള്‍ക്കുളള ഉപയോഗത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുളള ഉപയോഗത്തിനുമായി 250 ലധികം കപ്പലുകള്‍ ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞു. 1981 ലാണ് ഷിപ്‌യാര്‍ഡില്‍ കപ്പല്‍ റിപ്പയര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 2500 ഓളം കപ്പലുകളാണ് ഇവിടെ നിന്ന് ഇതിനോടകം കേടുപാടുകള്‍ തീര്‍ത്ത് പുറത്തിറക്കിയിട്ടുളളത്.
Next Story
Videos