കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ഇനിയും കസറും! ദുബൈ കമ്പനിയുമായി കരാർ, ഇന്ത്യയിലെത്താൻ വരി നിൽക്കുകയാണ് വമ്പന്മാർ

കൊച്ചി, ഗുജറാത്തിലെ വാഡിനാര്‍ എന്നിവിടങ്ങളില്‍ ലോകോത്തര നിലവാരത്തിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ആലോചന
Ship repair facility at Kochin Shipyard
cochinshipyard.in
Published on

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ദുബായിലെ ഡി.പി വേള്‍ഡിന്റെ ഉപകമ്പനിയായ ഡ്രൈഡോക്ക് വേള്‍ഡുമായി കരാറൊപ്പിട്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കൊച്ചി, ഗുജറാത്തിലെ വാഡിനാര്‍ എന്നിവിടങ്ങളില്‍ ലോകോത്തര നിലവാരത്തിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ ഇരുകമ്പനികളും ചേര്‍ന്ന് ആരംഭിക്കും. യു.എ.ഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

കപ്പല്‍ നിര്‍മാണ രംഗത്ത് ഇരുകമ്പനികളുടെയും സാങ്കേതിക പരിജ്ഞാനം ഉപയോഗപ്പെടുത്തിയാല്‍ രാജ്യത്തെ കപ്പല്‍ അറ്റകുറ്റപ്പണി രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ മറൈന്‍ എഞ്ചിനീയറിംഗ്, ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍, മറ്റ് അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലും ഇരുകമ്പനികളും സഹകരിക്കും. വിദേശരാജ്യങ്ങളില്‍ മാത്രമുള്ള ആധുനിക മാതൃകകളും രാജ്യത്തിന് പരിചിതമാകും. ഇന്ത്യന്‍ മാരിടൈം രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അധികൃതര്‍ വിശദീകരിക്കുന്നു.

വമ്പന്‍ നിക്ഷേപം, കൂടുതല്‍ തൊഴിലവസരങ്ങള്‍

സാധാരണ ഒരു കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കുന്നതിന് വലിയ നിക്ഷേപം ആവശ്യമാണ്. എന്നാല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിലവില്‍ ഡ്രൈഡോക്ക് ഉള്ളതിനാല്‍ കൂടുതല്‍ നിക്ഷേപം ആവശ്യമായി വരില്ലെന്നാണ് കരുതുന്നത്. പദ്ധതി സാധ്യമായാല്‍ 2,000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുകൂടാതെ പുതിയ കപ്പല്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ മറ്റൊരു വിദേശ കമ്പനിയുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അധികൃതര്‍ ചര്‍ച്ച നടത്തുകയാണെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെത്താന്‍ ഊഴം കാത്ത് വമ്പന്മാര്‍

അതേസമയം, കപ്പല്‍ നിര്‍മാണ രംഗത്ത് വമ്പന്‍ ശക്തിയാകാന്‍ കൊതിക്കുന്ന ഇന്ത്യയുമായി സഹകരിക്കാന്‍ നിരവധി വിദേശ കമ്പനികളാണ് എത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ കമ്പനികളായ ഹ്യൂണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ്, ഹാന്‍വ, ജപ്പാനിലെ മിറ്റ്‌സുയ് എന്നീ കമ്പനികള്‍ അധികൃതരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരുമായി കരാറൊപ്പിടുമെന്നാണ് വിവരം. ലോക കപ്പല്‍ നിര്‍മാണ വിപണിയില്‍ ഇന്ത്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയാണ്. 28 ഷിപ്പ്‌യാര്‍ഡുകളുണ്ടെങ്കിലും കപ്പലുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായി 2047 എത്തുമ്പോള്‍ ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകളില്‍ 69 ശതമാനവും തദ്ദേശീയമായി നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനായി നാല് മെഗാ ഷിപ്പ് ബില്‍ഡിംഗ് പാര്‍ക്കുകളും 2030ഓടെ ഒരുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com