Begin typing your search above and press return to search.
ഒരേസമയം ആറ് കപ്പലുകൾ നന്നാക്കാം; കോടികള്‍ വരുമാനം; കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പുതിയ പദ്ധതി
അന്താരാഷ്ട്ര കപ്പൽ നന്നാക്കൽ കേന്ദ്രത്തിൽ (ഐ.എസ്.ആർ.എഫ്) വാണിജ്യാടിസ്ഥാനത്തില്‍ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൊച്ചിൻ ഷിപ്പ്‌യാർഡ് അറിയിച്ചു. 'എച്ച്.എസ്.സി പരലി' എന്ന കപ്പൽ അറ്റകുറ്റ പണികള്‍ക്കായി വിജയകരമായി കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് കപ്പൽ നന്നാക്കൽ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചത്.
കേന്ദ്രത്തിന്റെ പ്രത്യേകതകള്‍
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ഉടമസ്ഥതയിലുളളതാണ് 'എച്ച്.എസ്.സി പരലി'. 970 കോടി ചെലവിലാണ് കപ്പൽ നന്നാക്കൽ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. കൊച്ചിയിലെ വില്ലിംഗ്ഡൺ ഐലൻഡിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ 42 ഏക്കർ പാട്ടത്തിനെടുത്ത സ്ഥലത്താണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
6,000 ടണ്‍ കപ്പൽ ലിഫ്റ്റ്, ആറ് വർക്ക് സ്റ്റേഷനുകൾ, 1,400 മീറ്ററോളം നീളമുളള ബെർത്തുകൾ തുടങ്ങിയവയാണ് കപ്പൽ നന്നാക്കൽ കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകതകള്‍. 130 മീറ്റർ നീളമുള്ള കപ്പലുകൾ കൈകാര്യം ചെയ്യാനും ഒരേസമയം ആറ് കപ്പലുകൾ നന്നാക്കാനും കേന്ദ്രത്തില്‍ സാധിക്കും.
ജൂൺ പാദത്തിൽ അറ്റാദായത്തില്‍ വര്‍ധന
ജൂൺ പാദത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അറ്റാദായം 65.3 ശതമാനം വർധിച്ച് 180.84 കോടി രൂപയാണ് രേഖപ്പെടുത്തിയത്. പ്രവർത്തന വരുമാനം 59.83 ശതമാനം ഉയർന്ന് 709.84 കോടി രൂപയായി.
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കപ്പൽ നിർമാണ വരുമാനം 58.25 ശതമാനം വർധിച്ച് 465.06 കോടി രൂപയായി. കപ്പൽ നന്നാക്കൽ വരുമാനം 62.88 ശതമാനം വർധിച്ച് 244.77 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി ഇന്നലെ 2.18 ശതമാനം താഴ്ന്ന് 2328 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Next Story
Videos