Begin typing your search above and press return to search.
കൊക്കോ വിലയില്‍ വീണ്ടും കുതിപ്പ്, വിപണിയില്‍ നേരിട്ടിറങ്ങി വിദേശ കമ്പനികള്‍; ഡിമാന്‍ഡ് കൂടിയപ്പോള്‍ ഉത്പാദനത്തില്‍ ഇടിവ്
ഈ വര്‍ഷം ആദ്യം 1,000 രൂപ പിന്നിട്ട ശേഷം താഴേക്ക് പോയ കൊക്കോ വില ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും കുതിക്കുന്നു. ഉത്പാദനം കുറഞ്ഞേക്കുമെന്ന ആശങ്കകള്‍ക്കിടെ ഉണക്ക കൊക്കോ വില 700 രൂപയ്ക്ക് മുകളിലെത്തി. ഉണക്കാതെ പച്ചയ്ക്ക് നല്‍കുന്ന കൊക്കോയുടെ വില 275 മുതല്‍ മുകളിലേക്കാണ്. മികച്ച ഗുണമേന്മയുള്ളവയ്ക്ക് 300 രൂപയ്ക്ക് അടുത്ത് ഹൈറേഞ്ചിലെ ചിലയിടങ്ങളില്‍ ലഭിക്കുന്നുണ്ട്. രാജ്യത്തെ കൊക്കോ കൃഷിയുടെ സിംഹഭാഗവും കേരളത്തിലാണ്. അതില്‍ തന്നെ 70 ശതമാനത്തിലേറെയും ഇടുക്കിയില്‍ നിന്നുമാണ്.
ഈ വര്‍ഷം ഏപ്രിലില്‍ 23നാണ് ഉണക്ക കൊക്കോവില 1,000 രൂപ പിന്നിട്ടത്. മേയ് മാസത്തോടെ വില താഴേക്ക് പോകുകയും ചെയ്തു. ഇതിനു ശേഷം ശരാശരി വിലയ്ക്കായിരുന്നു വ്യാപാരം നടന്നത്. ഉത്പാദനം ഇത്തവണ ചുരുങ്ങിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ചോക്ലേറ്റ് കമ്പനികള്‍ വിപണിയില്‍ നിന്ന് പരമാവധി കൊക്കോപരിപ്പ് ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്. ഇതും വില പെട്ടെന്ന് കൂടാനുള്ള കാരണമാണ്.
വിദേശ കമ്പനികള്‍ നേരിട്ട് ഇടപാട്
മുമ്പ് ഇന്ത്യന്‍ കമ്പനികളായിരുന്നു കൊക്കോ പരിപ്പ് കര്‍ഷകരില്‍ നിന്ന് ശേഖരിച്ചിരുന്നത്. കുറച്ചു നാളുകളായി ചില യൂറോപ്യന്‍ കമ്പനികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് കൊക്കോ ശേഖരിക്കുന്നുണ്ട്. വിപണി വിലയേക്കാള്‍ അധികം നല്‍കിയാണ് ഇവര്‍ ഉത്പന്നം വാങ്ങുന്നത്. ഇത് വിപണിയില്‍ മല്‍സരത്തിന് ഇടയാക്കി. മുമ്പ് ചോക്ലേറ്റ് കമ്പനികളും വ്യാപാരികളും നിശ്ചയിക്കുന്ന വിലയ്ക്ക് കൊക്കോ പരിപ്പ് നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിവരുന്നു.
ആഫ്രിക്കയിലെ കൃഷിനാശവും ചോക്ലേറ്റ് കമ്പനികളില്‍ നിന്നുള്ള ആവശ്യകത കൂടിയതുമാണ് ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് കൊക്കോ കര്‍ഷകരുടെ തലവര മാറ്റിയത്. ലോകത്തിന്റെ കൊക്കോ തലസ്ഥാനം ആഫ്രിക്കയിലെ ഐവറികോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളാണ്. ആഗോള ഉത്പാദനത്തിന്റെ 70 ശതമാനത്തിലേറെയും ആഫ്രിക്കയില്‍ നിന്നാണ്.
ഈ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായി ഉത്പാദനം ഇടിഞ്ഞതായിരുന്നു വിലക്കയറ്റത്തിനു കാരണമായത്. ഐവറികോസ്റ്റില്‍ സ്വര്‍ണഖനനത്തിനായി കൊക്കോ കൃഷി നശിപ്പിച്ചതിനൊപ്പം ബ്ലോക്ക്പോട് രോഗവും പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇത്തവണയും ആഫ്രിക്കയില്‍ നിന്നുള്ള ഉത്പാദനം കുറവായിരിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കൂടുതല്‍ കാലയളവില്‍ മികച്ച വില ലഭിക്കാന്‍ ഇടയാക്കും.
കൂടുതലും ഹൈറേഞ്ചില്‍
കൊക്കോ കൂടുതലായും കൃഷി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലാണ്. വാത്തിക്കുടി, കഞ്ഞിക്കുഴി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജക്കാട്, തങ്കമണി തുടങ്ങിയ പഞ്ചായത്തുകള്‍ കൊക്കോ കൃഷിക്ക് പേരുകേട്ടതാണ്. റബറും കുരുമുളകും കൃഷി ചെയ്തിരുന്ന കൂട്ടത്തില്‍ തന്നെ ഹൈറേഞ്ചിലെ കര്‍ഷകര്‍ കൊക്കോയ്ക്കും ശ്രദ്ധ നല്‍കിയിരുന്നു. ഓരോ ആഴ്ചയും വരുമാനം ലഭിക്കുമെന്നതിനാല്‍ പല ഇടത്തരം കുടുംബങ്ങളുടെയും താങ്ങായിരുന്നു കൊക്കോ. ഇടക്കാലത്ത് വില കുറയുകയും കുരങ്ങ്, അണ്ണാന്‍, എലി തുടങ്ങിയ മൃഗങ്ങളുടെ ശല്യം വര്‍ധിച്ചതും കര്‍ഷകരെ പതിയെ കൊക്കോയില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. വില ഉയര്‍ന്നതോടെ കേരളത്തില്‍ കൊക്കോകൃഷി വീണ്ടും സജീവമായിട്ടുണ്ട്.
Next Story
Videos