Begin typing your search above and press return to search.
കൊക്കോവില 1,000 കടന്നും നോണ്‍സ്‌റ്റോപ്പ്, ഉടനെങ്ങും തിരിച്ചുപോക്ക് ഉണ്ടായേക്കില്ല; കാരണങ്ങള്‍ ഇതൊക്കെ
കേരളത്തില്‍ ഉണക്ക കൊക്കോവില ആയിരം കടന്നു. സംസ്ഥാനത്ത് കൊക്കോകൃഷി വ്യാപകമായിട്ടുള്ള ഇടുക്കിയില്‍ ചൊവ്വാഴ്ച വ്യാപാരം നടന്നത് 1,010 രൂപയ്ക്കാണ്. ചരക്ക് വരവ് കുറഞ്ഞതോടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. ആഫ്രിക്കയിലെ കൃഷിനാശവും ചോക്ലേറ്റ് കമ്പനികളില്‍ നിന്നുള്ള ആവശ്യകത കൂടിയതുമാണ് കൊക്കോയുടെ തലവര മാറ്റിയത്.
ലോകത്തിന്റെ കൊക്കോ തലസ്ഥാനം ആഫ്രിക്കയിലെ ഐവറികോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളാണ്. ആഗോള ഉത്പാദനത്തിന്റെ 70 ശതമാനത്തിലേറെയും ആഫ്രിക്കയില്‍ നിന്നാണ്. ഈ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായി ഉത്പാദനം ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. കനത്ത മഴയില്‍ വലിയതോതില്‍ കൃഷിനാശം ഈ രാജ്യങ്ങളില്‍ സംഭവിച്ചിരുന്നു. ഐവറികോസ്റ്റില്‍ സ്വര്‍ണഖനനത്തിനായി കൊക്കോ കൃഷി നശിപ്പിച്ചതിനൊപ്പം ബ്ലോക്ക്‌പോട് രോഗവും പ്രതിസന്ധി വര്‍ധിപ്പിച്ചു.
വില ഇനിയും ഉയരും
കൊക്കോവില ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യകതയ്ക്ക് അനുസരിച്ച് ഉത്പാദനം ഉയരാത്തതാണ് കാരണം. ദൗര്‍ലഭ്യം ഉണ്ടായേക്കുമെന്ന ഭയത്തില്‍ ചോക്ലേറ്റ് നിര്‍മാതാക്കള്‍ മുന്‍കൂറായി കച്ചവടക്കാരുമായി ഇടപാട് ഉറപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്. അടുത്ത വര്‍ഷവും ഉത്പാദനം കുറയുമെന്ന തിരിച്ചറിവ് വില കൂട്ടാന്‍ വ്യാപാരികളെയും പ്രേരിപ്പിക്കുന്നുണ്ട്.
വില സമീപകാലത്ത് വലിയ തോതില്‍ ഇടിഞ്ഞേക്കില്ലെന്നതിന് കാരണങ്ങള്‍ വേറെയുമുണ്ട്. ഓരോ വര്‍ഷവും ചോക്ലേറ്റ് വില്‍പന കൂടുകയാണ്. കൊക്കോപരിപ്പിന്റെ സാന്നിധ്യം ഇല്ലാതെ ചോക്ലേറ്റ് പൂര്‍ണമാകില്ല. അതുകൊണ്ട് തന്നെ കൊക്കോയുടെ ആവശ്യകത ഒരുപരിധിയില്‍ കൂടുതല്‍ കുറയില്ലെന്ന് ഉറപ്പാണ്. കൊക്കോ വില കൈവിട്ടു പോയതോടെ പ്രീമിയം ചോക്ലേറ്റ് വിലയില്‍ 30-40 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.
കര്‍ഷകര്‍ക്ക് അപ്രതീക്ഷിത കൈത്താങ്ങ്
റബറും കുരുമുളകും കൃഷി ചെയ്തിരുന്ന കൂട്ടത്തില്‍ തന്നെ ഹൈറേഞ്ചിലെ കര്‍ഷകര്‍ കൊക്കോയ്ക്കും ശ്രദ്ധ നല്‍കിയിരുന്നു. ഓരോ ആഴ്ചയും വരുമാനം ലഭിക്കുമെന്നതിനാല്‍ പല ഇടത്തരം കുടുംബങ്ങളുടെയും താങ്ങായിരുന്നു കൊക്കോ. ഇടക്കാലത്ത് വില കുറയുകയും കുരങ്ങ്, അണ്ണാന്‍, എലി തുടങ്ങിയ മൃഗങ്ങളുടെ ശല്യം വര്‍ധിച്ചതും കര്‍ഷകരെ പതിയെ കൊക്കോയില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം
വില റെക്കോഡ് വേഗത്തില്‍ ഉയര്‍ന്നതോടെ കേരളത്തില്‍ കൊക്കോകൃഷി വീണ്ടും സജീവമായിട്ടുണ്ട്. കര്‍ഷകര്‍ കൊക്കോയ്ക്ക് കൂടുതല്‍ പരിചരണം നല്‍കാന്‍ തുടങ്ങിയതോടെ ഇത്തവണ ഉത്പാദനം കൂടുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. മറ്റ് കാര്‍ഷിക വിഭവങ്ങളുടെ വില ഇടിഞ്ഞു നില്‍ക്കുന്നതിനിടെ കൊക്കോ അപ്രതീക്ഷിത നേട്ടം സമ്മാനിച്ചതിന്റെ ഉണര്‍വ് മലയോര മേഖകളില്‍ പ്രകടമാണ്.
ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ കൊക്കോയ്ക്കാണ് ഗുണവും രുചിയും കൂടുതല്‍. ഇടുക്കിയിലെ മുരിക്കാശേരി, തേക്കിന്‍തണ്ട്, മങ്കുവ ഭാഗങ്ങളിലുള്ള കൊക്കോയ്ക്കാണ് ഏറ്റവും ഡിമാന്‍ഡ് ഉള്ളത്. ഇവിടങ്ങളിലെ കൊക്കോയ്ക്ക് മറ്റ് സ്ഥലങ്ങളിലേക്കാള്‍ വില ലഭിക്കുന്നുണ്ട്.
Next Story
Videos