

തേങ്ങ ഉത്പാദനത്തിലെ വന്‍ ഇടിവ് അവസരമാക്കി തേങ്ങ, വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട്ടിലെ വ്യാപാരികള്‍. കേരളത്തില്‍ നിന്നുള്ള തേങ്ങ ഉള്‍പ്പെടെ തമിഴ്‌നാട്ടിലേക്ക് കടത്തിയാണ് വ്യാപാരികള്‍ കൃത്രിമമായി വില ഉയര്‍ത്തുന്നത്. ആറുമാസത്തിനിടെ കേരളത്തില്‍ വെളിച്ചെണ്ണ വില ഇരട്ടിയായപ്പോള്‍ തേങ്ങ വിലയിലും സമാനമാണ് കാര്യങ്ങള്‍.
രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ മുന്നിലുള്ളത് തമിഴ്‌നാടും കര്‍ണാടകയുമാണ്. കേരളത്തില്‍ തെങ്ങുകളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞു വരികയാണ്. തിരുവമ്പാടി, വടകര, പേരാമ്പ്ര, കണ്ണൂര്‍ ഭാഗങ്ങളിലാണ് കേരളത്തില്‍ കൃഷി കൂടുതലുള്ളത്.
ഇവിടങ്ങളില്‍ നിന്നുള്ള തേങ്ങ തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ ശേഖരിച്ച് അങ്ങോട്ട് കൊണ്ടുപോകുകയാണ്. തമിഴ്‌നാട്ടില്‍ കൊപ്രയാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് കൂലി തീരെ കുറവാണ്. മാത്രമല്ല കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ തേങ്ങയില്‍ നിന്ന് നിര്‍മിക്കുന്നുണ്ട്. ഇതും കേരള തേങ്ങ അതിര്‍ത്തി കടക്കാന്‍ കാരണമാകുന്നുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തേങ്ങ ഉത്പാദനത്തില്‍ 50 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാറ്റുവീഴ്ച, മണ്ഡരി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചതാണ് ഇതിനു കാരണം. 2017-18 കാലഘട്ടത്തിലാണ് ഇതിനു മുമ്പ് ഉത്പാദനം വലിയതോതില്‍ ഇടിഞ്ഞത്.
കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 170-180 രൂപ നിരക്കിലായിരുന്നു. ഇപ്പോഴിത് 300 രൂപയ്ക്ക് അടുത്താണ്. ആറുമാസം കൊണ്ട് ഇരട്ടിയിലധികം രൂപയുടെ വര്‍ധന. ആറുമാസം മുമ്പ് കിലോയ്ക്ക് 90 രൂപയുണ്ടായിരുന്ന കൊപ്രയ്ക്ക് വില ഇപ്പോള്‍ 180 രൂപയിലെത്തി. 2017ല്‍ 200 രൂപയെത്തിയതാണ് കൊപ്രയുടെ റെക്കോഡ് വില.
കേരളത്തിലെ ചെറുകിട മില്ലുകള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തലത്ത് മഹമൂദ് ധനംഓണ്‍ലൈനോട് പറഞ്ഞു. കേരളത്തില്‍ കൊപ്രയുടെ വില ഉയര്‍ന്നതിനാല്‍ ഉത്തരേന്ത്യന്‍ വ്യവസായികള്‍ വിപണിയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വ്യാപാരികള്‍ക്ക് കൊപ്രയും വെളിച്ചെണ്ണയും പൂഴ്ത്തിവയ്ക്കാന്‍ ഇതു സഹായകമാകുന്നുവെന്നുമാണ് മില്ലുടമകള്‍ പറയുന്നത്.
രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്പത്തികവര്‍ഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാല്‍ ഓരോ വര്‍ഷവും ഉത്പാദനം കുറയുന്നതിനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്. 2023-24 വര്‍ഷത്തെ ഉത്പാദനം 564.7 കോടിയില്‍ ഒതുങ്ങുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്. മറ്റ് സംസ്ഥാനങ്ങള്‍ തേങ്ങ ഉത്പാദനത്തില്‍ മുന്നോട്ടു പോകുമ്പോഴാണ് കേരളത്തിന്റെ പിന്‍നടപ്പ്.
പിണ്ണാക്ക് ഇറക്കുമതി ചെയ്ത് ഇതില്‍ നിന്നും എണ്ണ എടുത്ത് വില്ക്കുന്ന കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായ ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന ഇത്തരം എണ്ണ വിപണിയിലെത്തുന്നത് വലിയ ആരോഗ്യ പ്രശ്‌നത്തിനും കാരണമാകുന്നുണ്ട്. ഇത്തരം കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യമായ പരിശോധനകളോ മറ്റും നടക്കാറില്ലെന്ന വിമര്‍ശനവും ശക്തമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine