

നാളികേരത്തിന്റെ വില കുതിച്ചുയരുമ്പോഴും കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണമില്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാളികേരത്തിന്റെ വിലയില്‍ 100 ശതമാനത്തിലധികമാണ് വര്‍ധനയുണ്ടായത്. എന്നാല്‍ വിളവ് കുറഞ്ഞതോടെ ഉയര്‍ന്ന വിലയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഉല്‍പ്പാദനത്തിന്റെ ഇടവേളകള്‍ വര്‍ധിക്കുന്നതും പകുതി പോലും വിളവ് ലഭിക്കാത്തതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. മഞ്ഞളിപ്പ് പോലുള്ള പല ഇനം രോഗങ്ങളാണ് തെങ്ങുകളെ ബാധിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാളികേരത്തിന്റെ വില വര്‍ധിച്ചത് 100 ശതമാനത്തിലേറെയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ മാസങ്ങളില്‍ കിലോക്ക് 30 രൂപ വരെ താഴ്ന്ന പച്ചത്തേങ്ങക്ക് ഇപ്പോള്‍ 65 രൂപ വരെ എത്തിയിരുന്നു. ഇടക്കിടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും വില സൂചിക പൊതുവെ മുകളിലേക്കാണ്. അതേസമയം നാളികേര ഉല്‍പ്പാദനത്തില്‍ വലിയ ഇടിവുണ്ടായി. മൂന്നു മാസത്തിലൊരിക്കല്‍ വിളവെടുത്തിരുന്ന തോട്ടങ്ങളില്‍ നാലും അഞ്ചു മാസങ്ങള്‍ കഴിയുമ്പോള്‍ മാത്രമാണ് നാളികേരം വിളയുന്നത്. ഒരു തെങ്ങില്‍ നിന്ന് ഓരോ തവണയും ലഭിച്ചിരുന്ന നാളികേരത്തിന്റെ എണ്ണം 40-50 ല്‍ നിന്ന് 15-20 ആയും കുറഞ്ഞു. ഇതോടെ വില വര്‍ധിച്ചതിന്റെ ഗുണം ലഭിക്കാതായി.
വലിയ തോട്ടങ്ങളില്‍ പല വിധത്തിലുള്ള രോഗങ്ങളാണ് തെങ്ങുകളെ ബാധിച്ചിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. മഞ്ഞളിപ്പ് രോഗം, വെള്ളീച്ച, പട്ട കരിച്ചില്‍, കാറ്റുവീഴ്ച. ചെല്ലി തുടങ്ങിയ രോഗങ്ങളാണ് വ്യാപകം. കീടനാശിനികള്‍ കൊണ്ടും ഇവയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഉല്‍പ്പാദനം കുറയുന്നതില്‍ രോഗങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
കൂലി ചെലവുകള്‍ വര്‍ധിച്ചതും കര്‍ഷകരെ വലക്കുന്നു. തെങ്ങ് കയറുന്നതിന് വലിയ തോട്ടങ്ങളില്‍ പോലും 40 രൂപ വരെയാണ് കൂലി. വീടുകളില്‍ 50 രൂപയും നല്‍കേണ്ടി വരുന്നുണ്ട്. നാളികേരം പൊളിക്കുന്നതിന് ഒരെണ്ണത്തിന് ഒരു രൂപ നല്‍കണം. ചകിരിക്ക് ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ പൊളിക്കൂലി തിരിച്ചു കിട്ടുന്നില്ല. നേരത്തെ 80 പൈസ വരെ ചകിരിക്ക് ലഭിച്ചിരുന്നു.
രോഗബാധ നിയന്ത്രിച്ച് ഉല്‍പ്പാദനം കൂടിയാല്‍ മാത്രമേ വില വര്‍ധനവിന്റെ ഗുണം ലഭിക്കൂവെന്ന കണക്കുകൂട്ടലിലാണ് കര്‍ഷകര്‍. അതേസമയം, വെളിച്ചെണ്ണ വില കുതിച്ചുയരുന്നത് കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്. കേരളത്തില്‍ ആട്ടിയ വെളിച്ചെണ്ണക്ക് കിലോക്ക് 320 രൂപ വരെയും തമിഴ്‌നാട് വെളിച്ചെണ്ണക്ക് 270 രൂപ വരെയുമാണ് വില.
Read DhanamOnline in English
Subscribe to Dhanam Magazine