വിളവെടുപ്പ് ഉഷാർ, പക്ഷേ വിപണിയിൽ കരിനിഴൽ; നാളികേര കർഷകർക്ക് വിലത്തകർച്ചാ ഭീതി

മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെയും ആഗോള വിപണിയിലൂടെയും വില പിടിച്ചുനിർത്താനാകുമെന്ന പ്രതീക്ഷയില്‍ കർഷകർ
Coconut
Image courtesy: Canva
Published on

കേരളത്തിലെ തെങ്ങ് കർഷകർ വരും മാസങ്ങളിൽ ഉത്പാദനം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണെങ്കിലും, വില കുറയുമോ എന്ന ആശങ്ക അവരെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി തേങ്ങയുടെ വിലയിൽ നേരിയ ഇടിവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, ശബരിമല സീസൺ വില വലിയ തോതിൽ തകരാതെ പിടിച്ചുനിർത്താൻ സഹായിച്ചു. വരാനിരിക്കുന്ന ശിവരാത്രി വരെ ആഭ്യന്തര വിപണിയിൽ ഡിമാൻഡ് നിലനിൽക്കുമെന്നാണ് കരുതുന്നതെങ്കിലും ഉത്പാദനം കുതിച്ചുയരുന്നത് വിലയെ ബാധിക്കുമോ എന്നത് പ്രധാന ആശങ്കയായിരിക്കുകയാണ്.

വിലയില്‍ ഇടിവ്

വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വ്യവസായ മേഖലയിൽ നിന്നുള്ള ആവശ്യകതയുമാണ് ഈ സാഹചര്യത്തില്‍ കർഷകർക്ക് പ്രതീക്ഷ നൽകുന്നത്. ആക്ടിവേറ്റഡ് കാർബൺ, ഉണങ്ങിയ തേങ്ങ, തേങ്ങാപ്പാൽ എന്നിവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ പ്രത്യേകിച്ച് യൂറോപ്പിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പാൽ ഉൽപ്പന്നങ്ങൾക്ക് പകരമായി തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് വർദ്ധിച്ചതും ആരോഗ്യകരമായ ഭക്ഷണത്തോടുള്ള താൽപ്പര്യവും ഈ മേഖലക്ക് ശക്തി പകരുന്നു. സെപ്റ്റംബറിൽ കിലോഗ്രാമിന് 90 രൂപയിലെത്തിയ തേങ്ങയുടെ ചില്ലറ വിൽപ്പന വില ജനുവരി ആദ്യവാരം 52-56 രൂപയിലേക്ക് ഇടിഞ്ഞു. വരും മാസങ്ങളിൽ ഉത്പാദനം കുത്തനെ ഉയരുമെന്ന വിലയിരുത്തലിലാണ് നാളികേര വികസന ബോർഡ്.

മൂല്യവർദ്ധിത ഉൽപ്പന്നങ്ങള്‍

2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ തന്നെ ഏകദേശം 3,793 കോടി രൂപയുടെ നാളികേര ഉൽപന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ സാമ്പത്തിക വർഷം കയറ്റുമതി 6,000 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വരൾച്ചയും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം ഉത്പാദനത്തിൽ കുറവുണ്ടായപ്പോൾ വില ഗണ്യമായി വർദ്ധിച്ചിരുന്നു. നിലവിൽ ഉത്പാദനം വർദ്ധിക്കുമ്പോൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെയും ആഗോള വിപണിയിലൂടെയും വില പിടിച്ചുനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ നാളികേര കർഷകർ.

Despite a strong coconut harvest ahead, Kerala farmers fear price drops amid rising production and uncertain market demand.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com