

ഓണത്തിന് തൊട്ടുമുമ്പ് കിലോഗ്രാമിന് 500 രൂപയ്ക്ക് അടുത്തെത്തിയ വെളിച്ചെണ്ണ വില കുത്തനെ കുറയുന്നു. തേങ്ങ ഉത്പാദനം വര്‍ധിച്ചതും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കൊപ്ര കേരളത്തിലേക്ക് എത്തുന്നതുമാണ് വില കുറയുന്നതിലേക്ക് നയിച്ചത്. നിലവില്‍ 340-360 രൂപ നിരക്കിലാണ് സംസ്ഥാനത്തെ വെളിച്ചെണ്ണ ചില്ലറ വില.
ഉത്പാദനം കുറഞ്ഞതോടെ കഴിഞ്ഞ വേനല്‍ക്കാലത്ത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും തേങ്ങയ്ക്കും കൊപ്രയ്ക്കും വലിയ ക്ഷാമം വന്നിരുന്നു. ഇതോടെയാണ് വില കുതിച്ചു കയറാന്‍ തുടങ്ങിയത്. വരും ദിവസങ്ങളില്‍ വെളിച്ചെണ്ണ വില 300 രൂപയ്ക്ക് താഴെ എത്തിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അടുത്ത ഏപ്രിലോടെ വില 200ല്‍ താഴെയെത്തുമെന്ന സൂചനയാണ് വിപണി നല്കുന്നത്.
തമിഴ്നാട്ടില്‍ കൊപ്ര വില കിലോഗ്രാമിന് 172 രൂപയാണ്. മുന്‍ദിവസത്തേക്കാള്‍ കിലോഗ്രാമിന് അഞ്ചുരൂപയോളം കുറഞ്ഞു. ഉത്പാദനം വര്‍ധിച്ചതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍ കൊപ്ര വിപണിയിലേക്ക് എത്തും. ഇത് കൊപ്ര, വെളിച്ചെണ്ണ വിലകളില്‍ പ്രതിഫലിക്കാന്‍ ഇടയാക്കും.
കേരളത്തിലും കൊപ്ര വില കുറയുന്നുണ്ട്. ഇന്നലത്തെ വില കിലോഗ്രാമിന് 196 രൂപയാണ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൊപ്ര കൂടുതലായി എത്തുന്നത്. ഇതാണ് തമിഴ്‌നാട് വിപണിയേക്കാള്‍ ഇവിടെ വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.
രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ മുന്നിലുള്ളത് തമിഴ്നാടും കര്‍ണാടകയുമാണ്. കേരളത്തില്‍ തെങ്ങുകളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞു വരികയാണ്. തിരുവമ്പാടി, വടകര, പേരാമ്പ്ര, കണ്ണൂര്‍ ഭാഗങ്ങളിലാണ് കേരളത്തില്‍ കൃഷി കൂടുതലുള്ളത്.
ഇവിടങ്ങളില്‍ നിന്നുള്ള തേങ്ങ തമിഴ്നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ ശേഖരിച്ച് അങ്ങോട്ട് കൊണ്ടുപോകുകയാണ്. തമിഴ്നാട്ടില്‍ കൊപ്രയാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് കൂലി തീരെ കുറവാണ്. മാത്രമല്ല കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ തേങ്ങയില്‍ നിന്ന് നിര്‍മിക്കുന്നുണ്ട്. ഇതും കേരള തേങ്ങ അതിര്‍ത്തി കടക്കാന്‍ കാരണമാകുന്നുണ്ട്.
രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്പത്തികവര്‍ഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാല്‍ ഓരോ വര്‍ഷവും ഉത്പാദനം കുറയുന്നതിനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്. 2023-24 വര്‍ഷത്തെ ഉത്പാദനം 564.7 കോടിയില്‍ ഒതുങ്ങുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്.
Read DhanamOnline in English
Subscribe to Dhanam Magazine