ചൂടില്‍ ഇടിഞ്ഞ് റബര്‍ ടാപ്പിംഗ്, വില പതിയെ കയറുന്നു, കാപ്പി കര്‍ഷകര്‍ക്ക് ഇരട്ടി മധുരം

അടുത്ത കാലം വരെ കാര്യമായ നേട്ടം സമ്മാനിക്കാതിരുന്ന കാപ്പി ഇപ്പോള്‍ കര്‍ഷകര്‍ക്കിടയില്‍ സ്റ്റാറാണ്
rubber and coffe
Published on

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി സംസ്ഥാനത്ത് നാണ്യവിളകളുടെ വില ഉയരുന്നു. കുരുമുളകിനും ഏലത്തിനും കൊക്കോയ്ക്കും തേങ്ങയ്ക്കുമെല്ലാം ഭേദപ്പെട്ട വില ലഭിക്കുന്നത് കാര്‍ഷികമേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്‍ഷികമേഖലയ്ക്ക് കാര്യമായ നേട്ടം ഉണ്ടായിരുന്നില്ല. എന്നാല്‍ വില കൂടുമ്പോഴും ഉത്പാദനം ഇടിയുന്നത് കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

റബര്‍ വില 200ന് അടുത്ത്

വേനല്‍ കടുത്തതോടെ ടാപ്പിംഗ് മന്ദഗതിയിലായിട്ടുണ്ട്. ഉത്പാദനവും നേര്‍പകുതിയായി. വിപണിയിലേക്കുള്ള ചരക്ക് വരവ് കുറഞ്ഞത് വിലയെയും സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുന്നതും കണ്ടെയ്‌നര്‍ നിരക്ക് കൂടിയതും ഇറക്കുമതി ലാഭകരമല്ലാതാക്കിയിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതല്‍ ചരക്ക് ശേഖരിക്കാന്‍ ടയര്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത് വില ഉയരുന്നതിലേക്ക് നയിച്ചു.

ആര്‍.എസ്.എസ്4 ഗ്രേഡിന് 197 രൂപ വരെ കച്ചവടക്കാര്‍ നല്‍കുന്നുണ്ട്. അന്താരാഷ്ട്ര വില 206 രൂപയ്ക്ക് മുകളിലാണ്. ഏപ്രിലില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയില്‍ ചരക്ക് പിടിച്ചു വയ്ക്കുന്നവരും കുറവല്ല. ലാറ്റക്‌സിനും റബര്‍ പാലായി നല്‍കുന്നതിനും ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ ഷീറ്റ് ആക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

കാപ്പി കര്‍ഷകര്‍ ഹാപ്പി

അടുത്ത കാലം വരെ കാര്യമായ നേട്ടം സമ്മാനിക്കാതിരുന്ന കാപ്പി ഇപ്പോള്‍ കര്‍ഷകര്‍ക്കിടയില്‍ സ്റ്റാറാണ്. കാപ്പിക്കുരുവിന് കട്ടപ്പന മാര്‍ക്കറ്റിലെ വില കിലോയ്ക്ക് 265 രൂപയാണ്. കാപ്പി പരിപ്പിനാകട്ടെ 445 രൂപയും. കഴിഞ്ഞ വര്‍ഷം ഇതേസമയം പരിപ്പിന് 300 രൂപയില്‍ താഴെ മാത്രമായിരുന്നു വില. പച്ചക്കായ്ക്ക് 60 രൂപയില്‍ താഴെയും.

വില കൂടിയെങ്കിലും കര്‍ഷകരെ സംബന്ധിച്ച് കാര്യമായ സന്തോഷത്തിന് ഇത് വക നല്‍കുന്നില്ല. വില കുറഞ്ഞപ്പോള്‍ പലരും കാപ്പി വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിരുന്നു. അണ്ണാന്‍, മരപ്പട്ടി, വവ്വാല്‍ എന്നിവയുടെ ശല്യം മൂലം ഉത്പാദനം കുറഞ്ഞിട്ടുണ്ട്. ഏലയ്ക്ക, കുരുമുളക്, നാളികേര വിലയും ഭേദപ്പെട്ട നിലയിലാണ്. വിലയിലെ ഉണര്‍വ് കാര്‍ഷിക ഉത്പന്നങ്ങളുടെയും വളങ്ങളുടെയും വില്പന ഉയര്‍ത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com