കടം വാങ്ങി ജീവിക്കാന്‍ ഞങ്ങളെ കിട്ടില്ല ബ്രോ... ജെന്‍ സി കുട്ടികള്‍ തിരുത്തി എഴുതുന്ന സാമ്പത്തിക ശീലങ്ങള്‍

ജെന്‍ സി കുട്ടികളുടെ സാമ്പത്തിക ശീലങ്ങളെക്കുറിച്ച് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സഹസ്ഥാപകന്‍ ആശിഷ് സിംഗാള്‍ നടത്തിയ ചില നിരീക്ഷണങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം
a women cutting her credit card, a man standing with his hands open
canva
Published on

ആരെയും അനുസരിക്കാത്ത ഒട്ടും സാമൂഹ്യബോധമില്ലാത്ത തലമുറ... പലപ്പോഴും ജെന്‍ സി (1997നും 2012നും ഇടയില്‍ ജനിച്ചവര്‍) പിള്ളേരെക്കുറിച്ചുള്ള സംസാരം ചെന്നുനില്‍ക്കുന്നത് ഇത്തരം ചില അനുമാനങ്ങളിലാണ്. എന്നാല്‍ ജെന്‍ സി കുട്ടികളുടെ സാമ്പത്തിക ശീലങ്ങളെക്കുറിച്ച് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ സ്വിച്ച് (Coinswitch) സഹസ്ഥാപകന്‍ ആശിഷ് സിംഗാള്‍ നടത്തിയ ചില നിരീക്ഷണങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സെറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റിലെ ചില ഭാഗങ്ങള്‍ ഉദാഹരണമാക്കിയാണ്, ഇന്ത്യക്കാരുടെ സാമ്പത്തിക ശീലങ്ങള്‍ യുതലമുറ മാറ്റിയെഴുതുന്ന കഥ അദ്ദേഹം വിശദീകരിക്കുന്നത്.

എല്ലാമെല്ലാം യു.പി.ഐ

എല്ലാ കാര്യത്തിനും യു.പി.ഐ ആപ്പുകളാണ് താന്‍ ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാറില്ല. കറന്‍സി പോലും കൊണ്ട് നടക്കാറില്ല - ജെന്‍സിയില്‍ പെട്ട ഒരു അതിഥി പോഡ്കാസ്റ്റില്‍ വിശദീകരിക്കുന്നുണ്ടെന്ന് ആശിഷ് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറഞ്ഞു. കടം വാങ്ങി ജീവിക്കരുതെന്ന് മാതാപിതാക്കള്‍ മുമ്പ് പറഞ്ഞതാണ് ഓര്‍മ വന്നത്. ഇന്ന് ജെന്‍സി കുട്ടികള്‍ അത് ജീവിതത്തില്‍ തന്ത്രപൂര്‍വം നടപ്പിലാക്കുകയാണെന്നും അദ്ദേഹം തുടരുന്നു.

ഫുള്‍ ചില്‍

ഇ.ടി സ്‌നാപ്ചാറ്റ് ജെന്‍സി ഇന്‍ഡെക്‌സ് പ്രകാരം 49% ജെന്‍സി കുട്ടികളും കടം വാങ്ങുന്നവരല്ല. ഒരു കടവും ഇല്ലാതെ ജീവിക്കാനാണ് 85 ശതമാനം പേര്‍ക്കും ആഗ്രഹം. സ്വന്തം സാമ്പത്തിക പരിധിക്കുള്ളില്‍ ചെലവഴിക്കാനാണ് 77 ശതമാനത്തിനും ആഗ്രഹമെന്നും ഇതില്‍ പയുന്നു. ഇ.എം.ഐ അടക്കാന്‍ കഷ്ടപ്പെടുന്ന മാതാപിതാക്കളെയും ബുക്ക് നൗ പേ ലേറ്റര്‍ സൗകര്യത്തില്‍ സാധനം വാങ്ങുന്ന സുഹൃത്തുക്കളെയും കണ്ടുവളര്‍ന്ന ഒരു തലമുറ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും ആശിഷ് വിശദീകരിക്കുന്നു.

ഇപ്പോഴത്തെ കുട്ടികള്‍ മുഴുവന്‍ പണവുമടച്ച് ഒരു സാധനം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ്. ചെറിയ നിക്ഷേപം നടത്തി മനസമാധാനത്തോടെ നടക്കാന്‍ ആഗ്രഹിക്കുന്നവരും. ഇതിനെ ലാളിത്യമെന്നോ ദുരവസ്ഥകള്‍ കണ്ടുവളര്‍ന്നതിന്റെ ഫലമെന്നോ വിളിക്കാമെങ്കിലും സംഗതി പ്രായോഗികമാണ്. ഇക്കാര്യത്തില്‍ ജെന്‍സി കുട്ടികള്‍ക്ക് നമ്മള്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടില്ല. ലക്ഷ്യങ്ങള്‍ നേടാനുള്ള മത്സരയോട്ടമല്ല, മറിച്ച് ആത്മസൗഖ്യം കണ്ടെത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ആശിഷ് കുറിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com