18 വര്‍ഷത്തെ നഷ്ടകണക്ക് പഴങ്കഥയാക്കി ഫോംമാറ്റിങ്‌സ്; കയര്‍ ഉത്പന്നങ്ങള്‍ ഇനി വാള്‍മാര്‍ട്ടിലും

ഗള്‍ഫ് രാജ്യങ്ങളിലേക്ക് 25 ലക്ഷം രൂപയുടെ ഓര്‍ഡറും ലഭിച്ചു
Image Courtesy: www.coircraft.com
Image Courtesy: www.coircraft.com
Published on

കേരളത്തിന്റെ കയര്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തിയതോടെ നഷ്ടത്തില്‍ നിന്ന് പതിയെ കരകയറി ഫോാം മാറ്റങ്‌സ്. നീണ്ട 18 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഈ പൊതുമേഖല സ്ഥാപനം ലാഭത്തിലെത്തുന്നത്. മൂന്നു ലക്ഷം രൂപയാണ് 2023-24 സാമ്പത്തികവര്‍ഷത്തെ ലാഭം.

ജീവനക്കാരുടെ 1.40 കോടി രൂപ കുടിശിക കൊടുത്തു തീര്‍ത്തശേഷമാണ് ഈ നേട്ടം. ഫോംമാറ്റിങ്‌സ് അടുത്തു തന്നെ മറ്റൊരു പൊതുമേഖല സ്ഥാപനമായ കയര്‍ കോര്‍പറേഷനുമായി ലയിക്കും. ഇരുസ്ഥാപനങ്ങളുടെയും ലയനം പ്രവര്‍ത്തനചെലവ് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തികവര്‍ഷം 14 കോടി രൂപയ്ക്കടുത്തായിരുന്നു വിറ്റുവരവ്. തൊട്ടുമുന്‍പത്തെ സാമ്പത്തികവര്‍ഷം ഇത് 12 കോടിയായിരുന്നു. മൂന്നുലക്ഷം രൂപയാണ് ലാഭം.

തുണയായത് കയറ്റുമതിയിലെ വര്‍ധന

കേരള വിപണിയില്‍ മാത്രം കേന്ദ്രീകരിക്കാതെ രാജ്യത്തിന് പുറത്തേക്ക് വളരാനുള്ള ശ്രമങ്ങളാണ് ഫോംമാറ്റിങ്‌സിന് കരുത്തായത്. കഴിഞ്ഞ വര്‍ഷം യു.കെ, യു.എസ്.എ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രസീല്‍, ഫ്രാന്‍സ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കായി കയറ്റിയയച്ചത് 10 കോടി രൂപയുടെ ഉത്പന്നങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് 25 ലക്ഷം രൂപയുടെ ഓര്‍ഡറും ലഭിച്ചു.

ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ഓര്‍ഡര്‍ ലഭിക്കുന്നത്. ഒഡീഷയിലെ ഇരുമ്പ് ഖനന കമ്പനിയില്‍ നിന്നും 50 ലക്ഷം രൂപയുടെ കയര്‍ ഭൂവസ്ത്ര കരാറും ലഭിച്ചിരുന്നു. രണ്ടു കോടി രൂപയുടെ മറ്റൊരു ഓര്‍ഡറും ഇതേ കമ്പനിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

വാള്‍മാര്‍ട്ടുമായി കരാര്‍

രാജ്യാന്തര കമ്പനിയായ വാള്‍മാര്‍ട്ടുമായി കയര്‍ കോര്‍പറേഷന്‍ ധാരണയിലെത്തിയിട്ടുണ്ട്. കയറുത്പന്നങ്ങള്‍ ഇനി വാള്‍മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും ലഭിക്കും. വില്പന വര്‍ധിപ്പിക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം വാള്‍മാര്‍ട്ടുമായി ധാരണയിലെത്തുന്നത്.

വൈവിധ്യവത്കരണത്തിലൂടെ വിറ്റുവരവു കൂട്ടാനും കയര്‍ കോര്‍പറേഷന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ പ്രതീഷ് ജി. പണിക്കര്‍ പറഞ്ഞു. ഷോറൂമുകള്‍ നവീകരിച്ച് ഒരേ രീതിയിലാക്കാനും പദ്ധതിയുണ്ട്. ഷോറൂമുകളുടെ ബ്രാന്‍ഡിംഗ് ഡിസൈനിംഗ് ഘട്ടത്തിലാണ്.

കയര്‍ കോര്‍പറേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് 148 കോടി രൂപയാണ്. 2022-23ല്‍ ഇത് 134 കോടി രൂപയായിരുന്നു. കൂടുതല്‍ വിപണി കണ്ടെത്താന്‍ സാധിക്കുന്നതോടെ വില്പന വലിയതോതില്‍ ഉയര്‍ത്താമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com