Begin typing your search above and press return to search.
ടിക്കറ്റിന് മൂന്ന് ലക്ഷം വരെ, ഹോട്ടല്‍ നിരക്ക് കൂടിയത് 15 മടങ്ങ്; ബ്രിട്ടീഷ് ഗായകരുടെ പാട്ടുകേള്‍ക്കാന്‍ മുംബൈയില്‍ വമ്പന്‍ തിരക്ക്
ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ കോള്‍ഡ്‌പ്ലേ (Coldplay)യെക്കുറിച്ചാണ് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തുന്ന ബാന്‍ഡിന്റെ സംഗീതപരിപാടി അടുത്ത ജനുവരി 18,19,21 തീയതികളില്‍ നവി മുംബൈ ഡി.വൈ പട്ടേല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. എന്നാല്‍ പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ രാഷ്ട്രീയ വിവാദത്തിലേക്ക് വരെയെത്തി. പാട്ടുമേളം കേള്‍ക്കാനുള്ള ടിക്കറ്റാണെങ്കില്‍ കിട്ടാനുമില്ല. കരിഞ്ചന്തയില്‍ പക്ഷേ മൂന്ന് ലക്ഷം രൂപ വരെയാണ് ടിക്കറ്റിന്റെ വില. അതും ശരിയായ ടിക്കറ്റാണെന്നതില്‍ ഉറപ്പുമില്ല. പരിപാടി നടക്കുന്ന ദിവസങ്ങളില്‍ മുംബയിലെ ഹോട്ടല്‍ നിരക്കുകളും റോക്കറ്റ് വിട്ടതു പോലെയാണ് ഉയര്‍ന്നത്. വാടക 10 മുതല്‍ 15 മടങ്ങ് വര്‍ധിച്ചെന്ന് മാത്രമല്ല മുറികള്‍ കിട്ടാനുമില്ലെന്നാണ് ബുക്കിംഗ് സൈറ്റുകള്‍ പറയുന്നത്.
ആരാണ് കോള്‍ഡ്‌പ്ലേ?
1997ല്‍ ലണ്ടനില്‍ ആരംഭിച്ച ബ്രിട്ടീഷ് റോക്ക് ബാന്‍ഡാണ് കോള്‍ഡ്‌പ്ലേ. ക്രിസ് മാര്‍ട്ടിന്‍, ജോണി ബക്ക്‌ലാന്റ്, ഗയ് ബെറിമാന്‍, വില്‍ ചാമ്പ്യന്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ സ്റ്റേജ് പ്രകടനങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാരംഭിച്ച കോള്‍ഡ്‌പ്ലേ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട മ്യൂസിക് ആല്‍ബങ്ങളുടെ സൃഷ്ടാക്കളെന്ന പേരിലാണ് അറിയപ്പെടുന്നത്. ബാന്‍ഡിന്റെ പ്രശസ്തമായ മ്യൂസിക് ഓഫ് ദി സ്ഫിയേഴ്‌സ് വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തുന്നത്. ജനുവരി 18,19 തീയതികളില്‍ നടത്തുമെന്നറിയിച്ച പരിപാടി തിരക്ക് കാരണം ഒരു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 2022 മാര്‍ച്ചില്‍ ആരംഭിച്ച വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകമെമ്പാടും ഒരുകോടിയിലേറെ ടിക്കറ്റുകളാണ് വിറ്റത്. ഒരു ടിക്കറ്റിന്റെ വില 20 യൂറോ മുതലാണ് തുടങ്ങുന്നത്.
ടിക്കറ്റ് വില 3.5 ലക്ഷം വരെ
മുംബയിലെ പരിപാടിക്കുള്ള രണ്ടായിരം രൂപ മുതല്‍ തുടങ്ങുന്ന ടിക്കറ്റുകള്‍ സെപ്റ്റംബര്‍ 22 മുതലാണ് ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോ വഴി വില്‍പ്പനയ്ക്ക് വച്ചത്. അരമണിക്കൂറിനുള്ളില്‍ തന്നെ ടിക്കറ്റ് തീര്‍ന്നെന്ന് മാത്രമല്ല തിരക്ക് കാരണം സൈറ്റിന്റെ സെര്‍വര്‍ വരെ ഇടയ്ക്ക് വച്ച് പണിമുടക്കി. ടിക്കറ്റുകള്‍ക്ക് വേണ്ടി 1.3 കോടി പേരാണ് ലോഗിന്‍ ചെയ്തത്. ഇതിന് പിന്നാലെ വിയാഗോഗോ (Viagogo) പോലുള്ള ഓണ്‍ലൈന്‍ റീസെല്ലിംഗ് സൈറ്റുകളില്‍ 3-3.5 ലക്ഷം രൂപ വരെ വിലയിലാണ് ടിക്കറ്റുകള്‍ വിറ്റത്. ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഗീവ് എവേയായി ( മത്സരങ്ങള്‍ നടത്തി സമ്മാനം നല്‍കുന്ന രീതി) ടിക്കറ്റുകള്‍ കൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ബുക്ക് മൈ ഷോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ വ്യാജ ടിക്കറ്റ് വില്‍പ്പനയ്‌ക്കെതിരെ ബുക്ക് മൈ ഷോ പൊലീസ് പരാതിയും നല്‍കി.
മുറിയില്ല, ഉള്ളതിന് തീവില
പരിപാടി സംഘടിപ്പിച്ചിരിക്കുന്ന നവി മുംബൈയില്‍ മാത്രമല്ല മുംബൈ നഗരത്തിലെ പല പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ ഹോട്ടല്‍ മുറികള്‍ കിട്ടാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെല്ലാം ഇതിനോടകം നിറഞ്ഞു. ജനുവരി 17-22 വരെയുള്ള ദിവസങ്ങളിലെ മുറി വാടകയില്‍ 10-15 ശതമാനം വരെ വര്‍ധനയുണ്ടായി. മുംബൈയിലെ പ്രധാന ഹോട്ടലായ വിവാന്ത ബൈ താജ് മുറികളെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. മുറികള്‍ ബാക്കിയുള്ള മറ്റൊരു പ്രധാന ഹോട്ടലായ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടനിലെ എക്‌സിക്യൂട്ടീവ് സ്യൂട്ടിന്റെ വാടക 1.8 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം 12,500 രൂപയായിരുന്നു. 15 മടങ്ങ് വര്‍ധന. സാധാരണ 12,500 രൂപയുണ്ടായിരുന്ന മാരിയറ്റ് എക്‌സിക്യൂട്ടീവ് അപ്പാര്‍ട്ട്‌മെന്റിലെ ജനുവരിയിലെ വാടക 1.9 ലക്ഷം രൂപയാണ്. മറ്റ് പ്രമുഖ ഹോട്ടലുകളായ ഐ.ടി.സി ഫോര്‍ച്യൂണ്‍ സെലക്ട് എക്‌സോട്ടിക, ദ ഫേണ്‍ റെസിഡന്‍സി തുടങ്ങിയവരും നിരക്ക് 15 മടങ്ങോളം വര്‍ധിപ്പിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനടിക്കറ്റിനും തീവില
ജനുവരി മാസത്തില്‍ വിമാനടിക്കറ്റ് നിരക്കും വലിയ രീതിയില്‍ കൂടിയിട്ടുണ്ട്. സാധാരണ സമയങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും മുംബയിലേക്കുള്ള വിമാനടിക്കറ്റ് 4,400 രൂപ നിരക്കില്‍ കിട്ടും. ഇതിപ്പോള്‍ 6,000 രൂപ കടന്നു. അടുത്ത മാസങ്ങളില്‍ വീണ്ടും കൂടാനിടയുണ്ട്. കൊച്ചിയില്‍ നിന്നും മുംബയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. സാധാരണ 4,500 രൂപ കാണിക്കുന്ന വിമാനടിക്കറ്റ് കോള്‍ഡ്‌പ്ലേയുടെ സംഗീത പരിപാടി നടക്കുന്ന ദിവസങ്ങളില്‍ 8,500 രൂപയോളമായി.
രാഷ്ട്രീയ വിവാദം
സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയാണ് രാജ്യത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. എല്ലാവര്‍ക്കും ഉല്ലാസത്തിനുള്ള തുല്യഅവകാശമുണ്ടെന്നും കോള്‍ഡ്‌പ്ലേ പരിപാടിയുടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിപാടികളുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങുമ്പോള്‍ തന്നെ ചിലയാളുകള്‍ ഇത് സ്വന്തമാക്കുകയാണ്. പിന്നീട് ഈ ടിക്കറ്റുകള്‍ 15-20 മടങ്ങ് വിലയിലാണ് വില്‍ക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട ഭീമമായ നികുതിപ്പണവും ആളുകള്‍ക്ക് ഉല്ലാസത്തിനുള്ള അവസരവും നഷ്ടപ്പെടുകയാണ്. ടിക്കറ്റിന്റെ അനധികൃത കച്ചവടം തടയാനും വ്യാജ ടിക്കറ്റ് മാഫിയയെ പിടികൂടാനും സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
500 കോടിയുടെ തട്ടിപ്പെന്ന് ആരോപണം
അതേസമയം, കോള്‍ഡ്‌പ്ലേ സംഗീതപരിപാടിയുടെ പേരില്‍ ബുക്ക് മൈ ഷോ 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര മഹാരാഷ്ട്ര പൊലീസില്‍ പരാതി നല്‍കി. ആദ്യം വരുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് നല്‍കുമെന്നായിരുന്നു പരിപാടിയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പാര്‍ട്ണറായ ബുക്ക് മൈ ഷോ അറിയിച്ചിരുന്നത്. എന്നാല്‍ പ്രത്യേക ലിങ്കുകളുണ്ടാക്കി ഏജന്റുമാര്‍ക്ക് അനധികൃതമായി ടിക്കറ്റ് വാങ്ങാന്‍ ബുക്ക് മൈ ഷോ വഴിയൊരുക്കിയെന്നാണ് ആരോപണം. ലോകകപ്പ് പോലുള്ള പ്രധാന മത്സരങ്ങളുടെ ടിക്കറ്റും ബുക്ക് മൈ ഷോ ഇങ്ങനെ വില്‍ക്കാറുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ബുക്ക് മൈ ഷോ , ടിക്കറ്റ് റീസെല്ലിംഗ് വെബ്‌സൈറ്റുകളുമായോ അത്തരം വ്യക്തികളുമായോ യാതൊരു ഇടപാടുകളും കമ്പനിക്കില്ലെന്നും വ്യക്തമാക്കി.
Next Story
Videos