തത്തുല്യ ചുങ്കത്തില്‍ നേട്ടവും കോട്ടവുമുണ്ട്, പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുകയാണെന്നും വാണിജ്യ മന്ത്രാലയം, വ്യാപാര കരാറിനായുളള നീക്കം സജീവം

വ്യാപാര ആശങ്കകൾ പരിഹരിച്ചാൽ താരിഫ് നിരക്കുകൾ കുറയ്ക്കാൻ ട്രംപ് ഭരണകൂടം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
trump, india
Image courtesy: Canva
Published on

യുഎസ് ഏർപ്പെടുത്തിയ തത്തുല്യ ചുങ്കത്തിന്റെ ആഘാതം വിലയിരുത്തുകയാണെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ട്രംപിന് യുഎസ് ആണ് ഫസ്റ്റ് എങ്കില്‍ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയാണ് ഫസ്റ്റ് എന്നും പങ്കജ് ചൗധരി പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയില്‍ നിന്നുളള ഇറക്കുമതികള്‍ക്ക് 26 ശതമാനം തത്തുല്യ ചുങ്കം ഏർപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയവും. ഇന്ത്യയുടെ വ്യാപാരത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വാണിജ്യ മന്ത്രാലയം വിശകലനം ചെയ്തുവരികയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ട്രംപ് ചുമത്തിയ തത്തുല്യ ചുങ്കത്തില്‍ നേട്ടവും കോട്ടവുമുണ്ട്, തിരിച്ചടിയായി കാണുന്നില്ല. ഇന്ത്യയുമായുളള വ്യാപാരത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചാൽ താരിഫ് നിരക്കുകൾ കുറയ്ക്കാൻ ട്രംപ് ഭരണകൂടം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മികച്ച സുഹൃത്ത് എന്ന് വിശേഷിപ്പിച്ചെങ്കിലും ഇന്ത്യ യു.എസിനോട് ശരിയായി പെരുമാറുന്നില്ലെന്നാണ് തത്തുല്യ ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞത്. ഇന്ത്യ യു.എസില്‍ നിന്ന് 52 ശതമാനം തിരുവയാണ് ഈടാക്കുന്നത്. അതിനാൽ അതിന്റെ പകുതി (26 ശതമാനം) ഞങ്ങൾ അവരിൽ നിന്ന് ഈടാക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

വ്യാപാര കരാര്‍

അതേസമയം, കേന്ദ്രസർക്കാർ യു.എസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചർച്ചകൾ നടത്തിവരികയാണ്. കരാര്‍ അന്തിമമായാല്‍ വലിയ കോട്ടങ്ങളില്ലാതെ ഇന്ത്യക്ക് യു.എസുമായി വ്യാപാരത്തിലേര്‍പ്പെടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സെപ്റ്റംബർ-ഒക്ടോബർ കാലയളവോടെ കരാറിന്റെ ആദ്യ ഘട്ടം അന്തിമമാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇരു രാജ്യങ്ങളും മുന്നോട്ടു പോകുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com