

പശ്ചിമേഷ്യന്‍ യുദ്ധസമയത്ത് കുതിച്ചുയര്‍ന്ന പാചക വാതക വിലയില്‍ കുറവുവരുത്തി കേന്ദ്രസര്‍ക്കാര്‍. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറില്‍ 200 രൂപയുടെ കുറവാണ് വരുത്തിയത്. ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തിനു പിന്നാലെയാണ് പാചക വാതക വിലയില്‍ വലിയ വര്‍ധനയുണ്ടായത്. അതേസമയം, ഗാര്‍ഹിക പാചകവാതക വിലയില്‍ മാറ്റമില്ല.
പുതിയ വില പരിഷ്‌കരണത്തോടെ കൊല്‍ക്കത്തയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2,872.50 രൂപയായി. ഈ ആനുകൂല്യം വാണിജ്യ ഉപഭോക്താക്കള്‍ക്ക് മാത്രമാണ്. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജവിപണി അനിശ്ചിതത്വവും ഇന്ധനവില വര്‍ധനവും കഴിഞ്ഞ മാസങ്ങളില്‍ വാണിജ്യ എല്‍പിജി വില കുത്തനെ ഉയരാന്‍ കാരണമായിരുന്നു. അതിന് പിന്നാലെ തുടര്‍ച്ചയായി ഉണ്ടായ രണ്ടാമത്തെ വിലക്കുറവാണ് ഇപ്പോഴത്തേത്.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവില്‍ പ്രധാന പങ്കുവഹിക്കുന്നത് പാചകവാതകമാണ്. പുതിയ വിലക്കുറവ് ഈ മേഖലയിലെ ചെലവ് കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമാകാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine