

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പൊതുമേഖല എണ്ണ കമ്പനികള്‍ കുറച്ചു. 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര വിലയുടെ ചുവട് പിടിച്ചാണ് ഗ്യാസ് സിലിണ്ടറിന്റെ വില പുനര്‍നിശ്ചയിച്ചതെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം.
തീരുമാനം വാണിജ്യ എല്‍.പി.ജി സിലിണ്ടറിനെ ആശ്രയിക്കുന്ന ഹോട്ടല്‍, റെസ്‌റ്റോറന്റ്, ചെറുകിട വ്യവസായികള്‍ എന്നിവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം. ജൂലൈയില്‍ 58.50 രൂപയും ജൂണില്‍ 24 രൂപയും ഏപ്രിലില്‍ 41 രൂപയും വാണിജ്യ സിലിണ്ടറിന് കുറച്ചിരുന്നു. മാര്‍ച്ചില്‍ ആറു രൂപയുടെ വര്‍ധനവും നടപ്പാക്കി.
അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ വില കുറക്കാത്തത് കുടുംബങ്ങള്‍ക്ക് തിരിച്ചടിയാണ്. രാജ്യത്തെ എല്‍.പി.ജിയുടെ 90 ശതമാനവും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണെന്ന് കണക്കുകള്‍ പറയുന്നു. ബാക്കി 10 ശതമാനം മാത്രമാണ് വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചത്. ഇക്കൊല്ലം ഏപ്രിലില്‍ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടുകയും ചെയ്തു.
ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ പാചക വാതകത്തിന് വില നിശ്ചയിക്കുന്നത്. അടുത്തിടെ ക്രൂഡ് ഓയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ ബാരലിന് 64.5 ഡോളറിലെത്തിയിരുന്നു. ഇത് ഓയില്‍ കമ്പനികളുടെ ഭാരം കുറക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വില ഇതേനിലയില്‍ തുടര്‍ന്നാല്‍ എണ്ണക്കമ്പനികളുടെ നഷ്ടം 45 ശതമാനം വരെ കുറയുമെന്നും വിദഗ്ധര്‍ കരുതുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine