

രാജ്യത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി. സിലിണ്ടറുകളുടെ വില കുറഞ്ഞു. നവംബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. പാചകത്തിനായി വാണിജ്യ എല്‍.പി.ജി. സിലിണ്ടറുകളെ ആശ്രയിക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയ്ക്ക് ഈ തീരുമാനം ആശ്വാസകരമാകും.
രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികളാണ് വാണിജ്യ പാചകവാതകത്തിന്റെ വില കുറച്ചത്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് എണ്ണക്കമ്പനികള്‍ പാചക വാതകത്തിന്റെ വില നിശ്ചയിക്കുന്നത്. പ്രാദേശിക നികുതികളും യാത്രാ ചെലവിന്റെയും അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളിലെയും വിലയിലും വ്യത്യാസമുണ്ടാകും.
19 കിലോ സിലിണ്ടറിന് സെപ്റ്റംബറില്‍ 15.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോഴത്തെ കുറവ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കും. പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 1,590.50 രൂപയാണ്. 1,597 രൂപയാണ് ഇന്ന് മുതലുള്ള കൊച്ചിയിലെ വില. 5.50 രൂപയാണ് കുറഞ്ഞത്.
അതേസമയം, ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി. സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഒടുവില്‍ ഗാര്‍ഹിക എല്‍.പി.ജിയുടെ വില കുറച്ചത്. ഇക്കൊല്ലം ഏപ്രിലില്‍ 50 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു. നിലവില്‍ 860 രൂപയാണ് ഗാര്‍ഹിക എല്‍.പി.ജിക്ക് കൊച്ചിയില്‍ നല്‍കേണ്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine