
ഇസ്രയേല്‍-ഇറാന്‍ യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഏവരുടെയും ശ്രദ്ധ ആണവായുധങ്ങളിലാണ്. ആണവായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടാല്‍ കണക്കുകൂട്ടാന്‍ കഴിയാത്തത്ര വിനാശകരമായ സാഹചര്യമാണ് ലോകത്ത് ഉണ്ടാകുക. ഇറാന്‍ ആണവായുധങ്ങള്‍ എങ്ങനെയാണ് വിനിയോഗിക്കുക എന്ന് ലോകരാജ്യങ്ങള്‍ക്ക് വലിയ ആശങ്ക നേരത്തെയുളളതാണ്.
എന്നാല്‍ ഇറാന്റെ ആണവ പദ്ധതി വ്യോമാക്രമണങ്ങളിലൂടെ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു എന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. അതേസമയം ഇറാന്റെ പക്കലുളള ആണവായുധങ്ങളുടെ പ്രധാന ഘടകമായ യുറേനിയം നിലവിൽ എവിടെയാണെന്ന് തങ്ങൾക്ക് അറിയില്ലെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതാണ് ഇപ്പോള്‍ ആശങ്കയ്ക്കിടയാക്കുന്നത്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്സ് ചെയർമാൻ ഡാൻ കെയ്‌നും ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾ ആവര്‍ത്തിക്കാന്‍ മുതിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ ഫോർഡോ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് പൂര്‍ണമായി നശിപ്പിക്കപ്പെട്ടില്ല എന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇറാൻ സമീപ ദിവസങ്ങളിൽ ആണവ ഉപകരണങ്ങളും യുറേനിയവും സൈറ്റിൽ നിന്ന് മാറ്റിയതിന് തെളിവുകളുളളതായി രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
400 കിലോഗ്രാം അല്ലെങ്കിൽ ഏകദേശം 880 പൗണ്ട് യുറേനിയം 60 ശതമാനം ശുദ്ധതയിലേക്ക് സമ്പുഷ്ടീകരിച്ചതായും കരുതുന്നു. ഇത് സാധാരണയായി ആണവായുധങ്ങളിൽ ഉപയോഗിക്കുന്ന 90 ശതമാനത്തിൽ നിന്ന് തൊട്ടുതാഴെയാണ്. പത്ത് കാറുകളുടെ ഡിക്കികളിൽ ഉൾക്കൊള്ളാൻ കഴിയുന്നതു പോലെ ചെറിയ പാത്രങ്ങളില്‍ യുറേനിയം ശേഖരം ആണവ കേന്ദ്രത്തില്‍ നിന്ന് മാറ്റിയതായി കരുതുന്നതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ തലവനായ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു.
ഇറാൻ അമേരിക്കൻ സൈനികരെ ആക്രമിക്കുമോ അതോ ആണവായുധ പദ്ധതി തുടരുമോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. ഇറാന്റെ അടുത്ത നടപടികൾ വരും മണിക്കൂറുകളില്‍ വ്യക്തമാകുമെന്നും വാന്‍സ് പറഞ്ഞു.
Concerns rise as Iran may have relocated 400 kg of uranium, fueling fears over nuclear capabilities amid regional tensions.
Read DhanamOnline in English
Subscribe to Dhanam Magazine