സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടുന്ന നടപടിയും ഡിജിറ്റലായി, ഡ്രൈവര്‍മാര്‍ രേഖകള്‍ കൈയില്‍ കരുതേണ്ടതില്ല

ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടുന്ന നടപടി ഡിജിറ്റല്‍ ആക്കി മോട്ടോര്‍ വാഹനവകുപ്പ്. ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാനും, അവയുടെ റെക്കോര്‍ഡുകള്‍ കൃത്യമായി സൂക്ഷിക്കാനും സഹായകരമാണ് നടപടി. വാഹൻ സാരഥി ഓൺലൈൻ സിസ്റ്റം ഡാറ്റാബേസിൽ ഇതിനുള്ള സാങ്കേതിക പ്രവർത്തനങ്ങൾ പൂർത്തിയായി.
ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും വാഹന പരിശോധനയിൽ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഡിജിറ്റലായി കാണിക്കാവുന്നതാണ്. നിയമലംഘനം കണ്ടെത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടുന്നതും എം.വി.ഡി ക്ക് ഡിജിറ്റലായി ഇനി പ്രോസസ് ചെയ്യാന്‍ കഴിയും.

പ്രക്രിയ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാകും

വാഹന, ഡ്രൈവർ റെക്കോർഡുകൾ കൈകാര്യം ചെയ്യുന്ന പരിവാഹൻ സിസ്റ്റത്തിന് ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടുന്നത് നേരിട്ട് ഡാറ്റാബേസിലേക്ക് എന്‍ടര്‍ ചെയ്യാന്‍ സാധിക്കും. ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടുന്നത് രേഖപ്പെടുത്തുന്നതിനായി ഒരു ഇ-ചലാൻ സൃഷ്ടിക്കുന്നതാണ്. പിഴ അടക്കുന്നത് പോലെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ലൈസൻസ് തിരികെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
മാരകമായ അപകടങ്ങൾ പോലുള്ള ഗുരുതരമായ നിയമ ലംഘനങ്ങൾ ഉണ്ടാകുമ്പോഴാണ് ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടൽ നടപടിയുണ്ടാകുന്നത്. തുടര്‍ന്ന് നിശ്ചിത കാലയളവിലേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ പിഴ ഉൾപ്പെടെയുള്ള നടപടികൾ ചുമത്തുകയോ ആണ് ചെയ്യുന്നത്. മുമ്പ് ഈ പ്രക്രിയയ്ക്ക് രേഖകളുടെ ഫിസിക്കൽ കോപ്പി ആവശ്യമായിരുന്നു. കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റലായി കൈകാര്യം ചെയ്യുന്നത് പ്രക്രിയ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കും.
നവംബർ ആറിനാണ് ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ പരിഷ്‌കാരങ്ങൾ വരുത്തുന്നത്. ഇതനുസിച്ച് ഡ്രൈവര്‍മാര്‍ ഫിസിക്കൽ കോപ്പി കരുതേണ്ട ആവശ്യമില്ല. എം പരിവാഹൻ ആപ്പ് അല്ലെങ്കിൽ ഡിജിലോക്കർ വഴി ഡ്രൈവർമാർക്ക് അവരുടെ ലൈസൻസുകൾ ഇപ്പോൾ ഡിജിറ്റലായി കാണിക്കാവുന്നതാണ്. പേപ്പർരഹിത സംവിധാനം പ്രോത്സാഹിപ്പിക്കുകയാണ് ഈ പരിഷ്കാരത്തിന്റെ ലക്ഷ്യം. ഡ്രൈവർമാര്‍ക്കും ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാര്‍ക്കും ഈ സംവിധാനം കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തലുകള്‍.
Related Articles
Next Story
Videos
Share it