ഹിന്‍ഡന്‍ബര്‍ഗ്‌: കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭത്തിന്; രാഷ്ട്രീയ പോര് മുറുകുന്നു

ലക്ഷ്യം മാധബി ബുച്ചിന്റെ രാജി
ഹിന്‍ഡന്‍ബര്‍ഗ്‌: കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭത്തിന്; രാഷ്ട്രീയ പോര് മുറുകുന്നു
Published on

സെബി മേധാവിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ്‌ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പ്രക്ഷോഭം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. ഈ മാസം 22 ന് ദേശവ്യാപക പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കും വരെ പ്രക്ഷോഭം എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എ.ഐ.സി.സി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. സെബിയുമായും അദാനിയുമായും ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയായിരുന്നെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. 22 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ നടക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉള്‍പ്പടെയുള്ള കേന്ദ്ര ഓഫീസുകള്‍ക്ക് മുന്നില്‍ സമരം നടക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ജെ.പി.സി അന്വേഷണം വേണം

സെബി-അദാനി ബന്ധം വലിയ അഴിമതിയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും  ബി.ജെ.പിക്കും ഇതില്‍ പങ്കുണ്ടെന്നും വേണുഗോപാല്‍ ആരോപിച്ചു. ഹിന്‍ഡന്‍ബര്‍ഗ്‌ വെളിപ്പെടുത്തലുകളെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില, അഗ്നിപഥ് പദ്ധതി നിര്‍ത്തലാക്കല്‍, റെയില്‍ അപകടങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം, പ്രകൃതിക്ഷോഭങ്ങളില്‍ ധനസഹായം തുടങ്ങിയ ആവശ്യങ്ങള്‍ സജീവമാക്കും. 

രാഷ്ട്രീയ പോര് മുറുകുന്നു

ഹിന്‍ഡന്‍ബര്‍ഗ്‌ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സെബി മേധാവിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയതോടെ രാഷ്ട്രീയ രംഗത്തും പോര് മുറുകി. കോണ്‍ഗ്രസ് ദേശീയപ്രക്ഷോഭം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. ഹിന്‍ഡന്‍ബര്‍ഗ്‌ വെളിപ്പെടുത്തലിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും ഇന്ത്യന്‍ ഓഹരി വിപണിയെ തകര്‍ക്കാന്‍ രാഹുല്‍ഗാന്ധി ശ്രമിക്കുകയാണെന്നും ബി.ജെ.പി മന്ത്രിമാര്‍ ആരോപിക്കുന്നു. പുതിയ വിവാദത്തില്‍ സെബി അധികൃതര്‍ നിലപാട് വ്യക്തമാക്കിയതാണെന്നും കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലെന്നുമാണ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com