കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി-ശബരിമല റെയില്‍പാത കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജമാകുമെന്നും പദ്ധതി വിഴിഞ്ഞം തുറമുഖം വരെ നീട്ടണമെന്നും ഹില്‍ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (ഹില്‍ഡെഫ്). ടൂറിസം, വാണിജ്യം, തീര്‍ഥാടനം തുടങ്ങി വിവിധ മേഖലകളില്‍ രാജ്യത്തിന് മുന്നേറാന്‍ കഴിയുന്നതാണ് നിര്‍ദിഷ്ട ശബരി റെയില്‍വെയെന്ന് ഹില്‍ഡെഫ് ജനറല്‍ സെക്രട്ടറി അശ്വന്ത് ഭാസ്‌കര്‍, കോ-ഓര്‍ഡിനേറ്റര്‍ സക്കറിയ ദത്തോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.
അങ്കമാലി മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ആക്ഷന്‍ കമ്മിറ്റികളും ഹില്‍ഡെഫും നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യമാണിത്. കേരളത്തിന് ലഭിക്കുന്ന പുതിയൊരു റെയില്‍ പദ്ധതി എന്നതിനപ്പുറം രാജ്യത്തിന് തന്നെ ഗുണകരമാകുന്ന പദ്ധതിയാണിത്. നിര്‍ദിഷ്ട ശബരിമല വിമാനത്താവളം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയൊരു ദിശാബോധം നല്‍കും.
നിലവില്‍ എരുമേലിയില്‍ അവസാനിക്കുന്ന രീതിയിലാണ് ശബരിമല റെയില്‍പാതയുടെ ആസൂത്രണം. ഇത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുണകരമാകുമെങ്കിലും, കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളുടെ വികസന സാധ്യതകളെ പ്രയോജനപ്പെടുത്തുന്നില്ല. ശബരി റെയില്‍പാത വിഴിഞ്ഞം വരെ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ഹില്‍ഡെഫ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine