
കൊച്ചി വാട്ടർ മെട്രോയുടെ ഇടക്കൊച്ചി ടെർമിനലിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നു. വാട്ടർ മെട്രോ സേവനങ്ങൾ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുക ഇടക്കൊച്ചി ടെർമിനലാണ്. ഹൈക്കോടതി ടെർമിനലിന് സമാനമായി ഇലക്ട്രിക് ചാർജിംഗ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജീകരിക്കുന്നതാണ്.
ഫ്ലോട്ടിംഗ് പോണ്ടൂണുകൾ ഉപയോഗിച്ചാണ് ബോട്ട് ജെട്ടി നിർമ്മിക്കുന്നത്. നിര്‍മ്മാണം പൂർത്തിയാകുമ്പോൾ തേവര, നെട്ടൂർ, കുമ്പളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്കൂളിന്റെ ഇരുവശത്തുമുള്ള ഭൂമിയിലാണ് ടെർമിനൽ കെട്ടിടവും പാർക്കിംഗ് ഏരിയയും നിര്‍മ്മിക്കുക. നിർമ്മാണം ഉടൻ ആരംഭിക്കുമെങ്കിലും ഫണ്ടിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ വേഗത.
ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിൽ ഏപ്രിലിൽ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന സർവീസുകൾ മട്ടാഞ്ചേരി ടെർമിനലിലെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുനിൽക്കുന്നതിനാൽ ഓഗസ്റ്റ് ആദ്യ വാരത്തിലേക്ക് മാറ്റി. വില്ലിംഗ്ടൺ ഐലൻഡില്‍ സർവീസിന് സ്റ്റോപ്പ് ഉണ്ടാകും. മൂന്ന് ബെർത്താണ് മട്ടാഞ്ചേരി ടെർമിനലില്‍ ഉണ്ടാകുക.
കൊച്ചി വാട്ടർ മെട്രോയില്‍ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓണത്തിന് മുമ്പ് പ്രതിദിന യാത്രക്കാരുടെ എണ്ണം 7,000 എന്ന ലക്ഷ്യത്തിലെത്തിക്കാനുളള സജീവ പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.
Construction of Kochi Water Metro’s Idakochi terminal to begin soon, with expanded services planned for city outskirts.
Read DhanamOnline in English
Subscribe to Dhanam Magazine