കേരളത്തിലെ നിര്‍മാണ മേഖല കടുത്ത അനിശ്ചിതത്വത്തില്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പ്രതിസന്ധി

സ്വകാര്യ മേഖലയില്‍ പണംമുടക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇടിഞ്ഞു
construction
Image: Canava
Published on

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനത്തോളം സംഭാവന ചെയ്യുന്നത് നിര്‍മാണ മേഖലയാണ്. 20 ലക്ഷത്തിലേറെ പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രധാന തൊഴിലിടവും നിര്‍മാണ മേഖലയാണ്. എന്നാല്‍ കോവിഡിനുശേഷം നിര്‍മാണമേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. നിര്‍മാണ രംഗത്ത് മാന്ദ്യത ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റ് മേഖലകളെയും ബാധിക്കുന്നുണ്ട്.

മലയാളികളുടെ ട്രെന്റ് മാറി

കോവിഡിനുശേഷം മലയാളികളുടെ മനോഭാവത്തില്‍ വന്ന മാറ്റം നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. സ്വന്തമായൊരു വീടും കെട്ടിടങ്ങളിലേക്ക് നിക്ഷേപം നടത്തുകയുമായിരുന്നു ശരാശരി മലയാളിയുടെ രീതി. എന്നാല്‍ കോവിഡിനുശേഷം മനോഭാവം മാറി. വിദേശത്തേക്കുള്ള കുടിയേറ്റം വ്യാപിച്ചതും നിര്‍മാണ മേഖലയെ ബാധിച്ചു. പണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയിരുന്ന രീതി മാറി. യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെ പോകുന്നവര്‍ അവിടെ സ്ഥിരതാമസമാക്കാനാണ് ലക്ഷ്യമിടുന്നത്. നാട്ടില്‍ കാര്യമായ നിക്ഷേപം വേണ്ടെന്ന നിലപാടിലാണ് പലരും.

നിര്‍മാണ മേഖലയില്‍ പ്രതിസന്ധിയുണ്ടെന്നത് സത്യമാണ്. മലപ്പുറം ജില്ലയില്‍ ഞങ്ങള്‍ക്ക് അത് നല്ലരീതിയില്‍ അനുഭവപ്പെടുന്നുണ്ട്. വിദേശ കുടിയേറ്റം കൂടുതലായി നടക്കുന്ന മധ്യകേരളത്തിലെ സ്ഥലങ്ങളിലും ഇതേ പ്രശ്നമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലേതു പോലെയുള്ള പ്രശ്നങ്ങളില്ല. തമിഴ്നാട്ടിലും കര്‍ണാടകയിലും മികച്ച രീതിയില്‍ ബിസിനസ് നടക്കുന്നു.
കെ.പി. രജില്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.ജി റൂഫിംഗ്സ്

കേരളത്തില്‍ താമസിക്കാന്‍ ആളില്ലാതെ അടച്ചിട്ടിരിക്കുന്ന വീടുകളുടെ എണ്ണം 20 ലക്ഷത്തിനടുത്ത് വരും. ഇത് മറ്റേതൊരു സംസ്ഥാനത്തെക്കാളും കൂടുതലാണ്. വീട് എന്നത് പ്രൗഢിയുടെയും ആഡംബരത്വത്തിന്റെയും പ്രതീകമായിരുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ വീടിനായി വലിയ തുക മുടക്കുന്നവരുടെ എണ്ണം വളരെയേറെ കുറഞ്ഞു.

സംസ്ഥാനത്തെ നിര്‍മാണ മേഖലയുടെ സിംഹഭാഗവും സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ടാണ്. 2021-22 കാലഘട്ടത്തില്‍ 97 ശതമാനങ്ങളും സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെറും മൂന്ന് ശതമാനം മാത്രമായിരുന്നു. സ്വകാര്യ മേഖലയില്‍ പണംമുടക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇടിഞ്ഞു.

നിര്‍മാണ മേഖലയിലെ പ്രതിസന്ധി ഇതരസംസ്ഥാന തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ തൊഴിലെടുത്തിരുന്ന പലരും മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബംഗാളികള്‍ ഒഴികെയുള്ളവരുടെ വരവില്‍ കുറവുണ്ടായിട്ടുണ്ടെന്ന് എറണാകുളം മേഖലയില്‍ തൊഴിലാളികളെ നല്കുന്ന കെ.വി അന്‍വര്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.

ഫ്ളാറ്റ് നിര്‍മാണം കുറഞ്ഞു

സംസ്ഥാനത്ത് ഫ്ളാറ്റുകളുടെയും വില്ലകളുടെയും നിര്‍മാണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്. നിര്‍മാണം പൂര്‍ത്തിയായ ഫ്ളാറ്റുകളില്‍ പലതും ഇതുവരെ വിറ്റുപേയിട്ടില്ല. ഇത്തരമൊരു അവസ്ഥയില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കാന്‍ ബില്‍ഡര്‍മാരും താല്പര്യം കാണിക്കുന്നില്ല. മുമ്പ് കൂടുതല്‍ പ്രൊജക്ടുകള്‍ നടന്നിരുന്നത് കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു. എന്നാലിപ്പോള്‍ ഈ സ്ഥാനത്തേക്ക് കോഴിക്കോട് കയറിവരുന്നുണ്ട്. മധ്യകേരളത്തെ അപേക്ഷിച്ച് കോഴിക്കോട് മേഖലയില്‍ വലിയ പ്രൊജക്ടുകള്‍ കൂടുതലായി നടക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 20 ശതമാനത്തോളം കുറഞ്ഞെന്നാണ് അനൗദ്യോഗിക കണക്ക്. നിര്‍മാണ സാധനസാമഗ്രികളുടെ വില ഉയര്‍ന്നതും ഇതിന് കാരണമായിട്ടുണ്ട്. സിമന്റ്, കമ്പനി ഉള്‍പ്പെടെ മറ്റ് നിര്‍മാണ അനുബന്ധ മെറ്റീരിയലുകളുടെ വിലയും രണ്ടു വര്‍ഷത്തിനിടയില്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കച്ചവടം വലിയ തോതില്‍ കുറഞ്ഞുവെന്ന് വില്പനക്കാരും പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com