

തടി കുറക്കാനുള്ള യന്ത്രത്തെ കുറിച്ച് തെറ്റായ പരസ്യം നല്‍കി ഉപയോക്താക്കളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനിക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി (CCPA) പിഴ വിധിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് കമ്പനിയായ വിഎല്‍സിസിക്കാണ് (VLCC) മൂന്നു ലക്ഷം രൂപ പിഴയിട്ടത്. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിനും തടികുറക്കുന്നതിനും സഹായിക്കുന്ന യന്ത്രമെന്ന രീതിയില്‍ കൂള്‍ സ്‌കള്‍പ്ടിംഗ് മെഷീന്റെ പരസ്യം നല്‍കുന്നത് തെറ്റായ വാദങ്ങളുമായാണെന്ന് അതോറിട്ടി കണ്ടെത്തി. കമ്പനിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അതോറിട്ടി അന്വേഷണം നടത്തുകയായിരുന്നു.
അതിശയോക്തിയോടു കൂടിയ പരസ്യങ്ങളാണ് കമ്പനി നല്‍കിയതെന്ന് അതോറിട്ടി ചൂണ്ടിക്കാട്ടി. കൂള്‍ സ്‌കള്‍പ്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് കുറക്കാവുന്ന തടിയുടെ അളവിന് നിയമപരമായ കണക്കുണ്ടെന്നിരിക്കെ, കമ്പനിയുടെ പരസ്യങ്ങളില്‍ തെറ്റായ അവകാശവാദങ്ങളാണ് ഉള്ളത്. യന്ത്രമുപയോഗിച്ചുള്ള ഒരു സെഷനില്‍ ശരീരത്തിന്റെ തൂക്കം 600 ഗ്രാം കുറക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത്തരം പരസ്യങ്ങള്‍ ഉപയോക്താക്കളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് അതോറിട്ടി ചൂണ്ടിക്കാട്ടി.
ശരീരത്തില്‍ കൊഴുപ്പ് കൂടുതലുള്ള ഭാഗങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതിനായി നിര്‍മിക്കുന്നതാണ് ഈ യന്ത്രം. എന്നാല്‍ ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുമെന്ന രീതിയിലാണ് പരസ്യം ചെയ്യുന്നത്. മാത്രമല്ല, ശരീരത്തിന്റെ ബിഎംഐ 30 ല്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം മെഷീനുകള്‍ ഉപയോഗിക്കാന്‍ പാടുള്ളത്. ഇത്തരം കാര്യങ്ങള്‍ മറച്ചു വെച്ചാണ് കമ്പനി പരസ്യങ്ങള്‍ നല്‍കുന്നതെന്നും അതോറിട്ടി പറഞ്ഞു.
നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതിന് കമ്പനി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ ഒഴിവാക്കണം. ഇത്തരം യന്ത്രങ്ങളുടെയും സമാന ചികില്‍സകളുടെയും പരസ്യങ്ങള്‍ നല്‍കുന്ന ബ്യൂട്ടി ക്ലിനിക്കുകള്‍, വെല്‍നെസ് സെന്ററുകള്‍ എന്നിവക്കും നിയമം ബാധകമാണെന്നും അതോറിട്ടി ചൂണ്ടിക്കാട്ടി. നേരത്തെ ഇതേ രീതിയില്‍ തെറ്റായ പരസ്യങ്ങള്‍ നല്‍കിയ കായ ലിമിറ്റഡ് എന്ന കമ്പനിക്കും അതോറിട്ടി മൂന്ന് ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine