ഈട് നല്‍കിയ ആധാരം ബാങ്ക് നഷ്ടപ്പെടുത്തി; 8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

വായ്പക്ക് ഈടു നല്‍കുന്ന രേഖകളുടെ സംരക്ഷണ ഉത്തരവാദിത്വം ബാങ്കിന്
Consumer court
Consumer courtImage : Canva
Published on

വായ്പക്ക് ഈടായി നല്‍കിയ ആധാരം തിരിച്ചു നല്‍കാത്ത ബാങ്കിന് 8 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഹൗസിംഗ് ലോണിനായി നല്‍കിയ ഈട് രേഖകള്‍ നഷ്ടപ്പെടുത്തിയ ഫെഡറന്‍ ബാങ്കിന്റെ അങ്കമാലി ബ്രാഞ്ചിന്റെ അധികൃതരുടെ വീഴ്ചക്കെതിരെയാണ് നടപടി. മലയാറ്റൂര്‍ സ്വദേശി ജോളി മാത്യുവാണ് പരാതിക്കാരന്‍.

സേവനത്തിലെ പിഴവെന്ന് പരാതിക്കാരന്‍

ഹൗസിംഗ് ലോണ്‍ അടച്ച ശേഷം ആധാരം തിരികെ നല്‍കാതിരുന്ന ബാങ്കിന്റെ നടപടി സേവനത്തിലെ പിഴവ് ആണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ബാങ്കില്‍ നിന്നുള്ള ഹൗസിംഗ് ലോണ്‍ പലിശ ഒഴിവാക്കി ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 2021 ഡിസംബറില്‍ പരാതിക്കാരന്‍ അടച്ച് തീര്‍ത്തിരുന്നു. എന്നാല്‍, വായ്പക്ക് ഈടായി നല്‍കിയ ഭൂമിയുടെ ഒറിജിനല്‍ ആധാരം തിരികെ നല്‍കാന്‍ ബാങ്കിന് കഴിഞ്ഞില്ല. പരാതിക്കാരനെതിരെ ബാങ്ക്, പറവൂര്‍ സബ് കോടതിയില്‍ സമര്‍പ്പിച്ച ആധാരം, കാലഹരണപെട്ട കോടതി രേഖകള്‍ക്കൊപ്പം നശിപ്പിച്ചിരുന്നു. ബാങ്കിന്റെ അനാസ്ഥ മൂലം ഉപഭോക്താവ് നേരിട്ട സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.

രേഖകളുടെ ഉത്തരവാദിത്വം ബാങ്കിന്

ഉപയോക്താവ് സമര്‍പ്പിക്കുന്ന രേഖകളുടെ സംരക്ഷണ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ഉപഭോക്തൃ കോടതി വ്യക്തമാക്കി. കേസ് നടപടികള്‍ക്ക് ശേഷം രേഖ തിരിച്ചു നല്‍കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്വം ആയിരുന്നു. ഒറിജിനല്‍ ആധാരം നഷ്ടപ്പെടുന്നത് വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും സ്വത്ത് ഇടപാടുകള്‍ തടസപ്പെടുന്നതിനും കാരണമാകുമെന്നും കോടതി വിലയിരുത്തി. നഷ്ടപരിഹാര തുക 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണം. പരാതിക്കാരന് വേണ്ടി അഡ്വ.ടോം ജോസഫ് കോടതിയില്‍ ഹാജരായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com