എസി കേടായി കിടന്നത് ഒന്നര മാസം; റിപ്പയര്‍ ചെയ്തു നല്‍കാത്ത സര്‍വീസ് സെന്ററിന് 30,000 രൂപ പിഴ

അധാര്‍മികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
Consumer court
Consumer courtImage : Canva
Published on

ഒന്നര മാസം കഴിഞ്ഞിട്ടും എയര്‍ കണ്ടീഷണര്‍ റിപ്പയര്‍ ചെയ്ത് നല്‍കാത്ത സര്‍വീസ് സെന്റര്‍ 30,000 രൂപ പരാതിക്കാരന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ന്യായമായ സമയത്തിനുള്ളില്‍ റിപ്പയര്‍ ചെയ്ത് നല്‍കാതിരിക്കുന്നത് അധാര്‍മികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കമ്മീഷന്‍ വിലയിരുത്തി.

എറണാകുളം, തിരുവാങ്കുളം സ്വദേശി കെ.ഇന്ദുചൂഡന്‍, ഇടപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌പെര്‍ട്ട് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. അഡ്വാന്‍സായി വാങ്ങിയ തുക ഉള്‍പ്പടെ 30,000 രൂപ നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

അഡ്വാന്‍സുമില്ല, എസിയുമില്ല

റിപ്പയറിംഗ് ചാര്‍ജായി 10,000 രൂപയാണ് സര്‍വീസ് സെന്റര്‍ ആവശ്യപ്പെട്ടത്. 5,000 രൂപ അഡ്വാന്‍സായി പരാതിക്കാരന്‍ നല്‍കുകയും ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും എസി യൂണിറ്റ് റിപ്പയര്‍ ചെയ്തു നല്‍കാന്‍ സര്‍വീസ് സെന്റര്‍ തയ്യാറായില്ല.

എസി യൂണിറ്റ് തിരിച്ചു നല്‍കണമെന്നും യഥാസമയം റിപ്പയര്‍ ചെയ്ത് നല്‍കാത്ത മൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി അരലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്.

അധാര്‍മികമായ വ്യാപാര രീതി

യഥാസമയം എ സി റിപ്പയര്‍ ചെയ്ത് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും അത് അധാര്‍മികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് ഡിബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി

എസി യൂണിറ്റ് റിപ്പയര്‍ ചെയ്ത് നല്‍കണമെന്നും അത് നല്‍കാന്‍ കഴിയാത്ത പക്ഷം അഡ്വാന്‍സായി വാങ്ങിയ 5,000 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവിലേക്ക് 5,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. അഗസ്റ്റസ് ബിനു കമ്മീഷന് മുമ്പാകെ ഹാജരായി

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com