Begin typing your search above and press return to search.
വഴുതി മാറിയ ഇന്‍ഷുറന്‍സ് കമ്പനിയെ വളഞ്ഞു പിടിച്ച് ഉപഭോക്തൃ കമീഷന്‍; കാറുടമക്ക് നല്‍കണം, ലക്ഷം രൂപ നഷ്ടപരിഹാരം
ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്ന കാര്‍ വെള്ളത്തില്‍ മുങ്ങി തകരാറിലായപ്പോള്‍ അവകാശപ്പെട്ട ഇന്‍ഷുറന്‍സ് തുക നല്‍കാത്ത സര്‍വീസ് സെന്ററിനെയുംഇന്‍ഷുറന്‍സ് കമ്പനിയേയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ പിടികൂടി. നഷ്ടപരിഹാരവും കോടതി ചെലവും ഇന്‍ഷുറന്‍സ് തുകയും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് വിധിച്ചത്. എറണാകുളം സ്വദേശി പി.ടി ഷാജു, സായി സര്‍വീസസ് ഇടപ്പിള്ളി, മാരുതി ഇന്‍ഷുറന്‍സ്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
മാരുതി ബലേനോ ആല്‍ഫാ പെട്രോള്‍ കാര്‍ ആണ് പരാതിക്കാരന്‍ വാങ്ങിയത്. ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് കവറേജും എടുത്തു. 10,620 രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി അടച്ചത്. എക്സ്റ്റന്‍ഡഡ് വാറണ്ടിയും എതിര്‍കക്ഷികള്‍ വാഗ്ദാനം ചെയ്തു. വെള്ളത്തിലായ കാറിന്റെ എഞ്ചിന്‍ ബ്ലോക്ക് ആയി, റിപ്പയര്‍ ചെയ്യാന്‍ കഴിയില്ല എന്ന് സര്‍വീസ് സെന്റര്‍ അറിയിക്കുകയും ചെയ്തു. എഞ്ചിന്‍ മാറ്റിവയ്ക്കുന്നതിനുള്ള ചിലവായ 64,939 രൂപയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വെറും 8,000 രൂപ മാത്രമാണ് അനുവദിച്ചത. ബാക്കി തുകയായ 56,939 രൂപയും 40,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കമ്മിഷനെ സമീപിച്ചത്.
എന്നാല്‍ 8,000 രൂപ മാത്രമേ അനുവദിക്കാന്‍ നിര്‍വാഹമുള്ളൂ എന്ന നിലപാടാണ് എതിര്‍കക്ഷികള്‍ സ്വീകരിച്ചത്. എതിര്‍കക്ഷികളുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി .ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍ , ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. കേസിലെ ഒന്നും രണ്ടും എതിര്‍ കക്ഷികള്‍ ഇന്‍ഷുറന്‍സ് തുകയായ 56,939 രൂപയും 30,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കമീഷന്‍ ഉത്തരവിട്ടു.
Next Story
Videos