നിത്യോപയോഗ ഉൽപന്നങ്ങളുടെയും വില കൂടുന്നു: മുണ്ടു മുറുക്കിയുടുക്കാന്‍ സമയമായി!

ഉപഭോക്താക്കള്‍ കരുതിയിരിക്കുക! അവശ്യവസ്തുക്കള്‍ക്കൊപ്പം നിത്യോപയോഗത്തിനുള്ള (Fast Moving Consumer Goods) ഉല്‍പ്പന്നങ്ങളുടെയും വില കൂടുകയാണ്.ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോള്‍ഗേറ്റ്, മാരികോ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് തുടങ്ങിയ ഈ രംഗത്തെ മുന്‍നിര കമ്പനികളെല്ലാം തങ്ങളുടെ പല ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. ഇവരില്‍ പലരും ഇതിനകം തന്നെ പല ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. സോപ്പ്, ബോഡി വാഷ് എന്നിവയ്ക്ക് രണ്ട് മുതല്‍ ഒമ്പത് ശതമാനം വരെയും ഹെയര്‍ ഓയ്ലിന് 8-11 ശതമാനവും ഭക്ഷ്യ സാധനങ്ങള്‍ക്ക് 3-17 ശതമാനവും വില വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

എച്ച്‌യുഎല്‍, പ്രോക്ടര്‍ & ഗാംബ്ള്‍, ജ്യോതി ലാബ്സ് തുടങ്ങിയ കമ്പനികള്‍ അവരുടെ ചില ഡിറ്റര്‍ജന്റ് പായ്ക്കുകള്‍ക്ക് ഒന്നു മുതല്‍ 10 വരെ ശതമാനം വില ഉയര്‍ത്തിയിട്ടുണ്ട്. കാപ്പിയുടെ വില വര്‍ധനയ്ക്ക് പിന്നാലെ നെസ്ലെ അവരുടെ കോഫിയുടെ വിലയും 8-13 ശതമാനം വര്‍ധിപ്പിച്ചു. ആശിര്‍വാദ് ഗോതമ്പിന്റെ വിലയും വര്‍ധിച്ചു. മറ്റു കമ്പനികളും എപ്പോള്‍ വില വര്‍ധിപ്പിക്കുമെന്നത് മാത്രമാണ് ഇപ്പോഴത്തെ ചോദ്യം.

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും കൂടുതല്‍ പ്രയാസകരമായ നാളുകളാകും വരികയെന്ന് ചുരുക്കം.

Related Articles
Next Story
Videos
Share it