

കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ 42,179 എം.എസ്.എം.ഇ കള്‍ പൂട്ടിപ്പോയെന്ന വാര്‍ത്താ റിപ്പോര്‍ട്ട് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് ശശി തരൂര്‍. ഇതിന്റെ ഫലമായി 1,03,764 പേര്‍ക്ക് തൊഴിൽ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയൻ സർക്കാരിന്റെ വ്യാവസായിക നയത്തെ പ്രശംസിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ ലേഖനം എഴുതിയതിനെ തുടര്‍ന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ തരൂര്‍ പാര്‍ട്ടിയില്‍ പ്രതിരോധത്തിലായിരുന്നു.
കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭകത്വ വസ്തുതകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതല്ലെന്ന് കാണുമ്പോൾ നിരാശ തോന്നുന്നുവെന്ന അഭിപ്രായമാണ് മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി തരൂര്‍ എക്സില്‍ പങ്കുവെച്ചത്. അതേസമയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ 2016 മുതല്‍ 2021 വരെയുളള കാലഘട്ടത്തിലെ 85,333 എം.എസ്.എം.ഇ കളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 3,43,491 എം.എസ്.എം.ഇ കള്‍ സംസ്ഥാനത്ത് ആരംഭിച്ചുവെന്നാണ് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മെച്ചപ്പെട്ട വ്യവസായ സൗഹാര്‍ദ നയങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ കേന്ദ്രം ജൂലൈ 2020 ല്‍ അവതരിപ്പിച്ച ഉദ്യം രജിസ്ട്രേഷനാണ് എം.എസ്.എം.ഇ രജിസ്ട്രേഷനില്‍ ഇത്ര ഉയര്‍ച്ച രേഖപ്പെടുത്താനുളള കാരണമെന്ന വാദവും ശക്തമാകുകയാണ്. പദ്ധതിയില്‍ ലോണുകള്‍ ലഭിക്കാന്‍ ഉദ്യം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനാല്‍ നിര്‍ജീവമായ എം.എസ്.എം.ഇ കള്‍ പ്പോലും, ഇതില്‍ രജിസ്ട്രര്‍ ചെയ്തതായി സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സ്ഥാപനം പുനരുജ്ജീവിപ്പിക്കാന്‍ ഉദ്യം പദ്ധതി സഹായകരമാകുമെന്ന് ആളുകള്‍ കരുതി. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമഫലമായി കൂടുതല്‍ സ്ഥാപനങ്ങള്‍ എത്തുന്നുവെന്ന് അവകാശപ്പെടാന്‍ പിണറായി സര്‍ക്കാരിന് സൗകര്യമായതായും മേരി ജോര്‍ജ് പറഞ്ഞു.
മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം ആരംഭിക്കുന്ന എം.എസ്.എം.ഇ കളില്‍ 60 മുതല്‍ 70 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് അതിജീവിക്കുന്നതെന്ന വാദവും ശക്തമാണ്. സംസ്ഥാനത്ത് വ്യവസായിക വളര്‍ച്ചയില്‍ മുന്നേറ്റമുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോള്‍, സജീവമായ പ്രവര്‍ത്തനക്ഷമമായ എം.എസ്.എം.ഇ കളെ സംബന്ധിച്ചുളള ആശയക്കുഴപ്പം ഈ മേഖലയില്‍ വ്യക്തമായ കണക്കെടുപ്പ് വേണമെന്ന ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അതേസമയം, വാർത്താ റിപ്പോർട്ട് അടിസ്ഥാനരഹിതമെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്. രാജ്യത്തെ 30 ശതമാനം എംഎസ്എംഇകളും ആദ്യ വർഷത്തിനുള്ളിൽ അടച്ചുപൂട്ടുമ്പോൾ, കേരളത്തിൽ അത് 15 ശതമാനം മാത്രമാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ 1,700 എംഎസ്എംഇ കളാണ് അടച്ചുപൂട്ടിയതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ പ്രസ്താവിച്ചിരുന്നതായും രാജീവ് ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine