അഴിമതിയില്‍ 96ാം സ്ഥാനത്ത് ഇന്ത്യ, ആരോപണ ശരങ്ങളില്‍ നിന്ന് ഒഴിവാകാനാകാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും

അഴിമതിയുടെ അടിസ്ഥാനത്തില്‍ ട്രാൻസ്പരൻസി ഇന്റർനാഷണല്‍ 180 രാജ്യങ്ങളെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
corruption
Image courtesy: Canva
Published on

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഓരോ ദിവസവും പുതിയ അഴിമതി കേസുകളാണ് രാജ്യത്ത് പുറത്തു വരുന്നത്. പഞ്ചായത്ത് മുതല്‍ കേന്ദ്രത്തില്‍ വരെ അഴിമതി നടക്കുന്നു എന്ന ആരോപണങ്ങളാണ് അധികാരത്തിലിരിക്കുന്നവര്‍ ദിവസവും നേരിടേണ്ടി വരുന്നത്.

പാര്‍ട്ടികള്‍ ഏതായാലും അഴിമതിയാരോപണങ്ങള്‍ നേരിടുന്നതില്‍ എല്ലാവരും തുല്യരാണ്. ജനാധിപത്യ രാജ്യമായതിനാല്‍ ഇന്ത്യയില്‍ കൂടുതല്‍ സുതാര്യത ഉളളതിനാലാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതല്‍ അഴിമതി കേസുകള്‍ പുറത്തു വരുന്നതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

ഈ അവസരത്തില്‍ അഴിമതിയുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ പട്ടികപ്പെടുത്തിയ ബെർലിനിലെ ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നു. 180 രാജ്യങ്ങളാണ് പട്ടികയിലുളളത്, അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ പട്ടികയില്‍ 96ാം സ്ഥാനത്താണ്.

അഴിമതി ഏറ്റവും കുറവുളള രാജ്യങ്ങളായി ഡെൻമാർക്ക്, ഫിൻലാൻഡ്, സിംഗപ്പൂർ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പട്ടികയില്‍ അവസാനത്തുളള ദക്ഷിണ സുഡാൻ, സൊമാലിയ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. ഭരണ അസ്ഥിരതകൊണ്ട് പ്രതിസന്ധി നേരിടുന്ന അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ പട്ടികയില്‍ 135ാം സ്ഥാനത്താണ്.

ആരോപണ ശരങ്ങളില്‍ എല്ലാ പാര്‍ട്ടികളും

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അധികാരം നഷ്ടമാകാന്‍ സംസ്ഥാനത്തെ എക്സൈസ് നയത്തിലെ സാമ്പത്തിക ക്രമക്കേടുകളും കാരണമാണ്. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിന്റെ കളങ്കപ്പെട്ട പ്രതിച്ഛായയും മദ്യത്തെയും പണത്തെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും മൂലമാണ് തിരഞ്ഞെടുപ്പ് പരാജയമെന്ന് പ്രമുഖ അഴിമിതി വിരുദ്ധ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ തുറന്നടിക്കുകയും ചെയ്തു.

അദാനി ഗ്രൂപ്പിന് അനുവദിച്ച പുനരുപയോഗ ഊർജ പദ്ധതിക്ക് സൗകര്യമൊരുക്കുന്നതിനായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ ദീർഘകാല ദേശീയ സുരക്ഷാ പ്രോട്ടോക്കോളുകൾ ലഘൂകരിച്ചതായി ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തതാണ് നരേന്ദ്ര മോദി സർക്കാരിന് എതിരെ ഉയര്‍ന്ന ഏറ്റവും പുതിയ അഴിമതി ആരോപണം. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതികളില്‍ ഒന്നായ ഖാവ്ദ റിന്യൂവബിൾ എനർജി പാർക്ക് ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണമാണ് ഉയര്‍ന്നത്.

പാലക്കാട്ടെ എലപ്പുള്ളി പഞ്ചായത്തിൽ ബ്രൂവറി തുടങ്ങാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതാണ് കേരളത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഏറ്റവും പുതിയ അഴിമതി ആരോപണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com