₹6 ലക്ഷം രൂപയുടെ സാധനം വിട്ടുകിട്ടാന്‍ ₹2.1 ലക്ഷം കൈക്കൂലി! പ്രവര്‍ത്തനം നിറുത്തി കാര്‍ഗോ കമ്പനി, അഴിമതിയില്‍ നമ്പര്‍ വണ്‍, കേരളവും വ്യത്യസ്തമല്ല

ചെടിച്ചട്ടികള്‍ വിതരണം ചെയ്യാന്‍ കൈക്കൂലി ചോദിച്ചതിന് സംസ്ഥാന കളിമണ്‍ പാത്രനിര്‍മാണ ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എന്‍ കുട്ടമണിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു
two hands handing over money in a packet
canva, Gemini Ai
Published on

കൈക്കൂലിയുടെ പേരില്‍ ചെന്നൈ കസ്റ്റംസിലെ ഉദ്യോഗസ്ഥരുടെ പീഡനം ചൂണ്ടിക്കാട്ടിയാണ് ലോജിസ്റ്റിക്സ് കമ്പനിയായ വിന്‍ട്രാക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിയത്. ഇക്കാര്യത്തില്‍ ധനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ അഴിമതി കേവലം കസ്റ്റംസില്‍ മാത്രമല്ലെന്നും, മറിച്ച് സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളെയും ബാധിച്ച പ്രശ്നമാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.

എന്താണ് പ്രശ്നം

വൈബ്രേറ്ററുകള്‍ ഉള്‍പ്പെടെയുള്ള പേഴ്സണല്‍ മസാജറുകള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനിയാണ് വിന്‍ട്രാക്ക്.വിന്‍ട്രാക്ക് ഇറക്കുമതി ചെയ്ത പേഴ്‌സണല്‍ മസാജറുകളുടെ ചാര്‍ജിംഗ് കേബിളുകള്‍ക്ക് പ്രത്യേകതമായി നികുതി അടക്കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇതൊഴിവാക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി ചോദിച്ചുവെന്നും കമ്പനി സ്ഥാപകന്‍ പ്രവീണ്‍ ഗണേഷന്‍ ആരോപിക്കുന്നു. ആറ് ലക്ഷം രൂപയുടെ കാര്‍ഗോ വിട്ടുകിട്ടാന്‍ 2.1 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ചര്‍ച്ചക്കൊടുവില്‍ 10 ശതമാനം ഡിസ്‌ക്കൗണ്ട് തരാന്‍ തയ്യാറായെന്നും അദ്ദേഹം പറയുന്നു. ഇതില്‍ കുറച്ച് പണം കൊടുത്തെങ്കിലും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ വിട്ടുകിട്ടാന്‍ വീണ്ടും വൈകി. രണ്ട് തവണ അഴിമതി തുറന്നുകാട്ടിയതിന്റെ പേരില്‍ ബിസിനസിനെ തകര്‍ത്തു. ഇനിയും ഇന്ത്യയില്‍ തുടരാന്‍ കഴിയില്ലെന്നും കമ്പനി പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കസ്റ്റംസ് വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

അഴിമതി ബിസിനസ്

ഇന്ത്യയില്‍ ഏറ്റവും നന്നായി നടക്കുന്ന ഒരേയൊരു ബിസിനസ് അഴിമതി മാത്രമാണെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അംഗമായ ദിനേശ് വാദ്ര പറയുന്നത്. തൂപ്പുജോലി മുതല്‍ കോടിക്കണക്കിന് രൂപയുടെ റോഡ് ടെന്‍ഡറുകള്‍ വരെ ഇന്ത്യയില്‍ കൈക്കൂലിയില്ലാതെ ചലിക്കില്ല. മാസം എത്ര രൂപ കൈക്കൂലി വാങ്ങണമെന്ന് ടാര്‍ജെറ്റ് വെച്ചാണ് പല സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കൈക്കൂലി വാങ്ങുന്നവരെ സംരക്ഷിക്കാനും ആളുണ്ടാകുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ബിസിനസുകാരും സാധാരണക്കാരും അവരുടെ സ്വപ്നങ്ങള്‍ക്ക് പോലും കൈക്കൂലി കൊടുക്കേണ്ട ഗതികേടിലാണ്. ഇത് മാറുന്നത് വരെ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ബിസിനസ് അഴിമതി ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

അഴിമതി സൂചികയില്‍ 96

180 ലോകരാജ്യങ്ങളുടെ അഴിമതി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 96ാമതാണ്. അതായത് ലോകത്തെ ടോപ് 100 അഴിമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയും. ഗാംബിയ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്. പൊതുമേഖലയിലെ അഴിമതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാകകുന്ന കറപ്ഷന്‍ പെര്‍സപ്ഷന്‍ ഇന്‍ഡെക്സ് (സി.പി.ഐ) അടിസ്ഥാനത്തിലാണ് വര്‍ഗീകരണം. പൂജ്യം മുതല്‍ 100 വരെയുള്ള സ്‌കോറാണ് ഇതില്‍ നല്‍കുന്നത്. അഴിമതി കൂടുന്നതിന് അനുസരിച്ച് സ്‌കോറും കുറയും 2022ല്‍ ഇന്ത്യയുടെ സ്‌കോര്‍ 40. 2023ല്‍ 39 ലേക്കും 2024ല്‍ 38ലേക്കും താഴ്ന്നു. ഈ കണക്ക് അനുസരിച്ച് രാജ്യത്ത് അഴിമതി വര്‍ധിച്ചുവെന്ന് വേണം മനസിലാക്കാന്‍.

കേരളവും വ്യത്യസ്തമല്ല

പല കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ പിടിക്കപ്പെട്ടത് 393 അഴിമതി കേസുകളാണെന്ന് 2025ന്റെ തുടക്കത്തിലെ നിയമസഭാ രേഖകള്‍ പറയുന്നു. 2025ന്റെ തുടക്കം മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവുകളില്‍ 82 കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കിയിട്ടുണ്ട്. 1,113 കേസുകളില്‍ കോടതി വിചാരണ നടക്കുകയാണെന്നും കണക്കുകള്‍ പറയുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണെങ്കിലും കേരളവും അഴിമതിയുടെ കാര്യത്തില്‍ പിന്നിലല്ല. ചെടിച്ചട്ടികള്‍ക്ക് കമ്മിഷന്‍ ചോദിച്ചതിന്റെ പേരില്‍ കേരള കളിമണ്‍ പാത്രനിര്‍മാണ ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എന്‍ കുട്ടമണിയെ കഴിഞ്ഞ ദിവസങ്ങളിലാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി നഗരസഭയില്‍ 3,642 ചെടിച്ചട്ടികള്‍ വിതരണം ചെയ്യാന്‍ ഒന്നിന് മൂന്ന് രൂപ വെച്ചായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചെടിച്ചട്ടി ഉത്പാദകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അഴിമതി ഉന്നത തലത്തിലേക്ക് വരെ വ്യാപിച്ചതിന്റെ ഉദാഹരണമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഇ.എം.ഐ വേണമെങ്കിലും റെഡി!

എന്നാല്‍ ഉദ്യോഗസ്ഥരെല്ലാം കുഴപ്പക്കാരാണെന്ന് കരുതേണ്ട. ഗുജറാത്തില്‍ കൈക്കൂലിപ്പണം മാസത്തവണകളായി നല്‍കാനും ഉദ്യോഗസ്ഥര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ഭാരം കുറക്കാനെന്നാണ് വിശദീകരണം. ഈ വര്‍ഷം മാത്രം സമാനമായ പത്ത് സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അഴിമതി വിരുദ്ധ വിഭാഗം പറയുന്നു.

കൈക്കൂലി ചോദിച്ചാല്‍ എന്തുചെയ്യാം?

കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ വിജിലന്‍സ് വകുപ്പിന്റെ 1064 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com