

സാങ്കേതിക വിദ്യ ആധിപത്യം പുലര്‍ത്തുന്ന പുതിയ ലോകത്ത് അഴിമതി കുറയുന്നുണ്ടോ? ടെക്‌നോളജി ഏതാണ്ടെല്ലാ മേഖലകളിലും കാര്യക്ഷമത കൂട്ടുമ്പോള്‍ ചുരുക്കം ചില രംഗങ്ങളിലെ അഴിമതിക്ക് മാത്രമേ ഇതിന് മൂക്കുകയറിടാന്‍ സാധിച്ചിട്ടുള്ളൂ. ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം മനുഷ്യരും വന്‍ അഴിമതികള്‍ മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ശരിയാണ്, അഴിമതി കണ്ടുപിടിക്കാനും തടയാനും ടെക്‌നോളജി കൊണ്ട് സാധിക്കും. പക്ഷേ അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന് അതൊരു ഒറ്റമൂലിയല്ല.
അടുത്തിടെ പുറത്തുവന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന ഒട്ടേറെ കണക്കുകളുണ്ട്. അഴിമതി കൊടികുത്തി വാഴുന്ന രാജ്യങ്ങളിലാണ് ലോകത്തെ ശതകോടിക്കണക്കിന് ജനങ്ങള്‍ വസിക്കുന്നത്. ഇത്തരം രാജ്യങ്ങളിലെ അഴിമതിയുടെ അതിപ്രസരം സാധാരണക്കാര്‍ക്ക് ഒട്ടേറെ കഷ്ടപ്പാടുകള്‍ സമ്മാനിക്കുന്നു. ജനജീവിതം ദുസ്സഹമാക്കുന്നു. സമൂഹത്തില്‍ ഏറ്റവും താഴേത്തട്ടിലുള്ളവരും മധ്യവര്‍ഗവുമാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്. അതിസമ്പന്നര്‍ പണത്തിന്റെയും ബന്ധങ്ങളുടെയും പിന്‍ബലത്തില്‍ കാര്യങ്ങള്‍ സുഗമമാക്കുന്നു.
680 കോടി ജനങ്ങള്‍ അധിവസിക്കുന്ന, ലോകത്തെ മൂന്നില്‍ രണ്ട് ഭാഗം രാജ്യങ്ങളിലും അഴിമതി വ്യാപകമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോക ജനസംഖ്യയുടെ ഏതാണ്ട് 85 ശതമാനം വരുമിത്. ലോകത്തെ 180 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ പഠനത്തില്‍ 0 മുതല്‍ 100 വരെയുള്ള സ്‌കോറാണ് നല്‍കിയത്. ഉയര്‍ന്ന സ്‌കോര്‍ ശുദ്ധമായ പൊതുസംവിധാനത്തെ പ്രതിനിധീകരിക്കുമ്പോള്‍ താഴ്ന്ന സ്‌കോര്‍ അഴിമതിയുടെ ആഴത്തെ സൂചിപ്പിക്കുന്നു. ഈ പഠനത്തിന്റെ പ്രധാന പോരായ്മ അത് പൊതുമേഖലയെ മാത്രമേ പരിഗണന വിഷയമാക്കിയിട്ടുള്ളൂ എന്നതാണ്. സ്വകാര്യ മേഖലയില്‍ എന്ത് നടക്കുന്നുവെന്നത് തീര്‍ത്തും അവഗണിച്ചിരിക്കുന്നു.
സ്‌കോര്‍ 38 ഓടെ ഇന്ത്യ പട്ടികയില്‍ 96-ാം സ്ഥാനത്താണ്. സ്‌കോര്‍ 42 ഉള്ള ചൈനയുടെ റാങ്ക് 76 ആണ്. 135-ാം സ്ഥാനത്താണ് പാകിസ്ഥാന്‍. സ്‌കോര്‍ 27. 90 സ്‌കോറോടെ പട്ടികയില്‍ ഡെന്മാര്‍ക്കാണ് മുന്നില്‍. ഫിന്‍ലന്റ് (സ്‌കോര്‍ 88), സിംഗപ്പൂര്‍ (84), ന്യൂസിലന്റ് (83), നോര്‍വെ, സ്വിറ്റ്‌സര്‍ലന്റ് (80) എന്നിവയാണ് പിന്‍തുടര്‍ന്നു വരുന്ന മറ്റ് രാജ്യങ്ങള്‍.
ഈ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും അഴിമതി നിറഞ്ഞ രാജ്യം സൗത്ത് സുഡാനാണ്. സാംബിയ,വെനസ്വേല, സിറിയ, യെമന്‍, ലിബിയ എന്നീ രാജ്യങ്ങളാണ് ഇതിന് പിന്നാലെ വരുന്നത്. നിക്ഷേപകര്‍ കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡെക്‌സ് (സിപിഐ) സശ്രദ്ധം നോക്കാറുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിലൂടെ ആ രാജ്യത്ത് എത്രമാത്രം അഴിമതി വ്യാപനമുണ്ടെന്ന് അറിയാനാവും. ഉദ്യോഗസ്ഥ തലത്തിലെ കടമ്പകള്‍, കൈക്കൂലി, കാലതാമസം, കാര്യക്ഷമതയില്ലായ്മ എന്നിവയിലേക്കുള്ള ചൂണ്ടുപലക കൂടിയാണിത്.
അഴിമതി കുറയ്ക്കാന്‍ സാധിച്ചാല്‍ ആ രാജ്യത്തിലെ നിക്ഷേപം കൂടുകയും പ്രതിശീര്‍ഷ ജിഡിപി ഉയരുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട്, ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യ നിക്ഷേപം കൂട്ടാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമായി അഴിമതിക്ക് കൂച്ചുവിലങ്ങിടാനാണ് മുന്‍ഗണന നല്‍കേണ്ടത്. ടെക്‌നോളജി കൊണ്ടുവന്നതുകൊണ്ട് മാത്രം അഴിമതിയുടെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ തകര്‍ക്കാനോ കാര്യക്ഷമത കൂട്ടാനോ സാധിക്കില്ല. അഴിമതി തടയാന്‍ രാജ്യങ്ങള്‍ അടിയന്തിരമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം പല രാജ്യങ്ങളുടെയും വളര്‍ച്ച അവതാളത്തിലാകും.
1. അഴിമതിവിരുദ്ധ ഏജന്‍സികള്‍ പോലെ സ്വതന്ത്ര സംവിധാനങ്ങള്‍ രൂപീകരിക്കുകയും അവയെ ശാക്തീകരിക്കുകയും വേണം. അഴിമതിയെ കുറിച്ച് ജുഡീഷ്യല്‍ സമിതികള്‍ അന്വേഷിക്കുകയും കാലതാമസമില്ലാതെ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കുകയും ചെയ്യണം.
2. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവിടല്‍ വ്യക്തമായി അറിയാന്‍ പാകത്തില്‍ സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സുതാര്യതയും ഉത്തരവാദിത്വവും കൂട്ടണം.
3. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തെ കുറിച്ച് അറിവും ബോധവല്‍ക്കരണവും നല്‍കാന്‍ പരിപാടികള്‍ സംഘടിപ്പിക്കണം.
ഭരണാധികാരികളും മേലുദ്യോഗസ്ഥരും ആര്‍ജവം, സുതാര്യത, ഉത്തരവാദിത്വ ബോധം എന്നിവ മുറുകെപ്പിടിച്ച് മുന്നോട്ട് പോകുമ്പോള്‍ അത് പൊതുസമൂഹത്തിന്മുന്നില്‍ ശക്തമായ മാതൃകയാകും. അതെങ്ങനെ സാധ്യമാക്കും എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി.
(ധനം മാഗസിന്‍ മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine