

ഭൂമിക്കും സ്വര്‍ഗത്തിനും ഇടയിലൊരു കല്യാണം. അമേരിക്കയിലെ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ യാത്രക്കിടെ നടന്ന ഈ വിവാഹം സഹയാത്രികള്‍ക്ക് സര്‍പ്രൈസായി. വരന്‍ സുഹൃത്തുക്കളോട് നടത്തിയ ചാലഞ്ചിന്റെ സാക്ഷാത്കാരമായിരുന്നു ഈ ആകാശ കല്യാണം. ഏവിയേഷന്‍ രംഗത്ത് യുണൈറ്റഡ് എയര്‍ലൈസിന് ഈ വിവാഹം ഏറെ പ്രചാരവും നല്‍കി. മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള വിവാഹങ്ങള്‍ വിമാനങ്ങളില്‍ മുമ്പ് നടന്നിട്ടുണ്ടെങ്കിലും, യുണൈറ്റഡ് എയര്‍ലൈന്‍സിലെ വിവാഹം അതീവ രഹസ്യമായി നടത്തിയ ഒരു ചാലഞ്ചായിരുന്നു.
ന്യുജേഴ്‌സിയിലെ ന്യുര്‍വാര്‍ക്ക് സ്വദേശികളായ ജേക് മെലിയും അബിഗെയില്‍ പവറും തമ്മിലുള്ള വിവാഹം യുണൈറ്റഡ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്കും പുതിയ കാഴ്ചയായി. ന്യൂവാര്‍ക്കില്‍ നിന്ന് ഒര്‍ലാന്‍ഡോയിലേക്ക് പറന്നുയര്‍ന്ന വിമാനത്തില്‍ വധൂവരന്‍മാര്‍ എണീറ്റ് നിന്ന് വിവാഹ പ്രതിജ്ഞയെടുത്ത് തുടങ്ങിയതോടെയാണ് അസാധാരണമായത് സംഭവിക്കുന്നത് സഹയാത്രികര്‍ അറിഞ്ഞത്. വരന്‍ ജേക്ക്, വിമാന കമ്പനിയെ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും അവരും അത് ആദ്യം രഹസ്യമാക്കി വെച്ചു. നിമിഷങ്ങള്‍ മാത്രം നീണ്ട വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഷാംപെയിന്‍ നുരഞ്ഞു പൊന്തി, കേക്കമായി കാബിന്‍ ക്രൂ യാത്രക്കാര്‍ക്കിടയിലേക്ക്.. വധൂവരന്‍മാര്‍ക്ക് സഹയാത്രികരുടെ ആശംസകള്‍.
തന്റെ സുഹൃത്ത് ക്രൂയിസ് ഷിപ്പില്‍ വെച്ച് വിവാഹം കഴിച്ചപ്പോഴാണ് ജേക്കിന്റെ മനസില്‍ ആകാശ കല്യാണ മോഹം മൊട്ടിട്ടത്. ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. അവര്‍ വെല്ലുവിളിച്ചതോടെ ജേക്കിന് വാശിയായി. അബിഗെയിലുമായുള്ള വിവാഹം വിമാനത്തില്‍ വെച്ച് നടത്താന്‍ അങ്ങനെയാണ് ജേക്ക് മുന്നിട്ടിറങ്ങിയത്. വിവാഹത്തിന്റെ വീഡിയോ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ നവ ദമ്പതികള്‍ക്ക് ആശംസകളുടെ പ്രവാഹമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine