പേറ്റന്റുകളും ട്രേഡ് മാര്‍ക്കുകളും നല്‍കുന്നത് കരാര്‍ ജീവനക്കാരോ? ഈ കോടതി വിധി കണ്ണുതുറപ്പിക്കും

ബൗദ്ധിക സ്വത്തവകാശത്തിന്റെ അടയാളങ്ങളായ പേറ്റന്റും ട്രേഡ് മാര്‍ക്കും അനുവദിക്കുന്നത് കര്‍ശനമായ സര്‍ക്കാര്‍ പ്രക്രിയയിലൂടെയാണ് എന്നാണ് പൊതുവായ വിശ്വാസം. എന്നാല്‍ ട്രേഡ് മാര്‍ക്ക് ഓഫീസുകളില്‍ കരാര്‍ ജീവനക്കാരും ഇതിനായി നിയമിക്കപ്പെട്ടിരിക്കുന്നുവെന്നത് ഈ രംഗത്ത് വിശ്വാസ്യതക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് പേറ്റന്റ്, ട്രേഡ്മാര്‍ക്ക് ഓഫീസുകളുടെ പ്രവര്‍ത്തനത്തിലെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്. സുപ്രധാനമായ ഈ ജോലികള്‍ക്ക് പുറംകരാര്‍ ഏര്‍പ്പെടുത്തുന്നത് തെറ്റാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഭൗമസൂചികാ പദവികള്‍, ഡിസൈനുകള്‍ എന്നിവ അനുവദിക്കുന്നതും കരാര്‍ജീവനക്കാരാണ് എന്ന വിവരമാണ് പുറത്തു വരുന്നത്. കോടതി വിധിയോടെ, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമായേക്കും.

അഞ്ഞൂറിലേറെ കരാര്‍ ജീവനക്കാര്‍

ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രേഡ്മാര്‍ക്ക്, പേറ്റന്റ്, ഡിസൈന്‍, ഭൗമസൂചികാ പദവി തുടങ്ങിയ ടാഗുകള്‍ അനുവദിക്കുന്നത്, ഇതൊരു അര്‍ധ ജൂഡീഷ്യല്‍ അധികാരങ്ങളുള്ള സ്വയംഭരണ സമിതിയാണ്. കൗണ്‍സിലിന്റെ കണ്‍ട്രോളര്‍ ജനറല്‍ ഓഫീസില്‍ നിന്ന് അനുവദിച്ച ഒരു ട്രേഡ് മാര്‍ക്കിനെ ചൊല്ലി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വിചാരണ നടന്ന കേസിലാണ് കോടതിയുടെ ഉത്തരവ്. ഈ ഓഫീസില്‍ കഴിഞ്ഞ വര്‍ഷം 553 പേരെ കരാര്‍ ജീവനക്കാരായി നിയമിച്ചിരുന്നു. ഇവരുടെ കാലാവധി 2023 മാര്‍ച്ച് 31 വരെയായിരുന്നു. എന്നാല്‍ ഈ ജീവനക്കാര്‍ 2023 സെപ്തംബറില്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും ട്രേഡ്മാര്‍ക്കുകള്‍ അനുവദിച്ചിരുന്നു. ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്താണ് കോടതിയില്‍ കേസ് എത്തിയത്.

നിയമനങ്ങളില്‍ വ്യക്തത വരുത്തി കോടതി

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ഏറെ സുപ്രധാനമായ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഓഫീസുകളില്‍ നിയമനങ്ങള്‍ വ്യവസ്ഥാപിതമാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ട്രേഡ് മാര്‍ക്ക് നിയമത്തില്‍ പറയുന്ന 'മറ്റു ഓഫീസര്‍മാര്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രജിസ്ട്രാര്‍ അല്ലെങ്കില്‍ കണ്‍ട്രോളര്‍ ജനറല്‍ എന്നിവരെ ഒഴിച്ചുള്ള ഉദ്യോഗസ്ഥരെയാണ്. ഇവര്‍ ഓഫീസര്‍ കേഡറില്‍ ഉള്ളവര്‍ തന്നെയായിരിക്കണം. കോടതി വ്യക്തമാക്കി. അതേസമയം, ഇത്തരം ഓഫീസുകളില്‍ പുറംകരാര്‍ ആവശ്യമാണെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് നിയമിക്കേണ്ടതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുപ്രധാനമായ ചുമതലകളിലേക്ക് കരാര്‍ നിയനമത്തിന് പൊതു വിജ്ഞാപനം നടത്തുന്നത് തെറ്റാണെന്നും ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവർ ഇറക്കുന്ന ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നും അഭിഭാഷകര്‍ പറയുന്നു.

Related Articles
Next Story
Videos
Share it