Begin typing your search above and press return to search.
കോവിഡ് കൂടുന്നു: മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 500, നടപടി കടുപ്പിച്ചു
കോവിഡ് കണക്കുകള്‍ വീണ്ടും അനിയന്ത്രിതമായി ഉയരുകയാണ്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ കോവിഡ് കണക്കുകളിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയും ആരംഭിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശമുണ്ട്. പരിശോധനയില്‍ 500 പിഴയീടാക്കാനും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൂട്ടം ചേരലുകള്‍ക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കൂട്ടം ചേരലുകളും മാസ്‌ക് വയ്ക്കാതെ പൊതുനിരത്തില്‍ ഇറങ്ങുന്നതും ശിക്ഷാര്‍ഹമാണെന്ന് പോലീസ് താക്കീത് നല്‍കുന്നു. പ്രതിദിന കോവിഡ് രോഗികളുടെ സംസ്ഥാനതല കണക്കുകള്‍ 1000 കടന്ന സാഹചര്യത്തില്‍ പരിശോധനയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് വീണ്ടും 4500 കടന്ന് കോവിഡ്
പുതുതായി രോഗം പിടിപെടുന്നവരുടെ പ്രതിദിനകണക്കുകള്‍ ദേശീയ തലത്തില്‍ 4500 കടന്നു മുന്നേറുമ്പോള്‍ കേരളത്തില്‍ ആയിരത്തിലധികം കോവിഡ് രോഗികള്‍ എന്നത് ആശങ്ക ജനിപ്പിക്കുന്ന കണക്കാണ്. കേരളം കൂടാതെ ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പുതിയ കോവിഡ് രോഗികള്‍.
രാജ്യത്ത് ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,31,81,335 ആയി ഉയര്‍ന്നു, മരണസംഖ്യ 5,24,701 എന്ന ഉയര്‍ന്ന നിരക്കായി. ഇന്ത്യയിലെ ആക്റ്റീവ് കേസുകളുടെ എണ്ണം 25,782 ആയി ഉയര്‍ന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കേരളത്തില്‍ കൊവിഡ് കേസുകളില്‍ ഇരട്ടി വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ രാജ്യത്ത് ടെസ്റ്റ് പോസറ്റിവിറ്റി (TPR - Test Positivity Rate) നിരക്ക് ഒരു ശതമാനത്തിന് മുകളിലാണെങ്കില്‍ സംസ്ഥാനത്ത് ഇത് 11.39 ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ടിപിആര്‍ നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി ഉയര്‍ന്നു.
15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യമൊട്ടുക്കും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നാല് മരണവും. ഇതോടെ രാജ്യത്ത് ആകെ സര്‍ക്കാര്‍ കണക്കില്‍ മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രതിദിനം 1500 ന് മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. പരിശോധന കുറവുള്ളപ്പോഴാണ് ഈ നിരക്കെന്നതും ശ്രദ്ധേയം.
കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ അപേക്ഷിച്ച്, ഒരു ദിവസം കൊണ്ട് 1,636 കേസുകളാണ് രാജ്യത്ത് വര്‍ധിച്ചത്. നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ള സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും കേരളവുമാണ്. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
12 മുതല്‍ 18 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ബിഎംസി നിര്‍ദേശിക്കുന്നു. രോഗലക്ഷണങ്ങളോടെയുള്ള കേസുകള്‍ കൂടിയേക്കാമെന്നാണ് കണക്കുകൂട്ടലെന്നതിനാല്‍, വലിയ താത്കാലിക ആശുപത്രികള്‍ വേണ്ടി വന്നാല്‍ തയ്യാറാക്കാനും ആശുപത്രികളോട് തയ്യാറായിരിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. വാര്‍ഡ് തലത്തിലുള്ള വാര്‍ റൂമുകളില്‍ വേണ്ടത്ര സ്റ്റാഫും മെഡിക്കല്‍ ടീമുകളും ആംബുലന്‍സുമുണ്ടെന്ന് ഉറപ്പാക്കണം. ഇനി കൂടുതല്‍ രോഗികള്‍ ആശുപത്രിയിലെത്തിയാല്‍ മലാഡിലെ ജംബോ ആശുപത്രിയായിരിക്കും മുന്‍ഗണനാക്രമത്തില്‍ ആദ്യം രോഗികളെ പ്രവേശിപ്പിക്കേണ്ടതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കോവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രത കുറവുണ്ടായതാകാം കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം രാജ്യമൊട്ടുക്കും കൊവിഡ് പരിശോധനയിലും കാര്യമായ കുറവുണ്ടായി.
Next Story
Videos