കോവിഡ്: രാജ്യത്തെ ആകെ മരണം നാല് ലക്ഷത്തിലേക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,005 പേര്‍ക്ക് കൂടി രാജ്യത്ത് ജീവന്‍ നഷ്ടമായതോടെ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്. 3,99,459 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം രാജ്യത്തെ പ്രതിദിന കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് പുതുതായി കോവിഡ് കണ്ടെത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,04,11,634 ആയി. പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണവും 5,23,257 ആയി കുറഞ്ഞു.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിച്ചുവരുന്നുണ്ട്. ജൂണ്‍ മാസത്തിലെ പ്രതിദിന ശരാശരി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 40.3 ലക്ഷമാണ്. ജൂണ്‍ 21-28 കാലയളവില്‍ മാത്രം 57.7 ലക്ഷമാളുകളാണ് പ്രതിദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
കഴിഞ്ഞദിവസം അമേരിക്കന്‍ വാക്‌സിനായ മൊഡേണയ്ക്ക് അടിയന്തരാനുമതി നല്‍കിയതിന് പിന്നാലെ മരുന്ന് നിര്‍മാണ കമ്പനിയായ സൈഡസ് കാഡിലയും തങ്ങളുടെ വാക്‌സിന്റെ അനുമതിക്കായി അപേക്ഷ നല്‍കി. കോവിഡ് വാക്സിന്‍ അടിയന്തിര ഉപയോഗ അംഗീകാരത്തിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യക്ക്് അപേക്ഷ നല്‍കിയതായും പ്രതിവര്‍ഷം 120 ദശലക്ഷം ഡോസ് ഷോട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായും സൈഡസ് കാഡില അറിയിച്ചു.